സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ വിയോഗത്തിൽ, ഞെട്ടലിലാണ് ബോളിവുഡും ആരാധകരും. തിരശ്ശീലയിൽ ഇന്ത്യയുടെ സ്വന്തം ധോണിയെ അത്രയും പൂർണതയോടെ അവതരിപ്പിച്ച നടനെ പ്രേക്ഷകർ നിറകൈയോടെയാണ് സ്വീകരിച്ചത്. യുവനടന്‍റെ പെട്ടെന്നുള്ള വിയോഗം സിനിമാലോകത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതല്ല. ഇന്ന് മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ തുങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ബോളിവുഡ് താരം ഏറെ നാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
1986 ജനുവരി 21ന് പട്‌നയിൽ ജനിച്ചു. തന്‍റെ 16-ാം വയസിൽ അമ്മയെ നഷ്‌ടപ്പെട്ടു. ഡോ. കെ.കെ. സിങും എംഎൽഎയായ സഹോദരൻ നീരജ് കുമാർ ബബ്‌ലുവും രണ്ട് സഹോദരിമാരും ചേർന്നതാണ് സുശാന്തിന്‍റെ കുടുംബം. ഡൽഹി എഞ്ചിനിയറിങ് കോളജിൽ നിന്ന് ബിരുദം നേടി. ബാരി ജോൺസിൽ ചേർന്ന് അഭിനയം പഠിച്ചു. ടെലിവിഷൻ സീരിയയിലൂടെയാണ് സുശാന്ത് അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. സീ ചാനലിലെ പവിത്ര റിശ്‌തയിലൂടെ പ്രേക്ഷകന് സുപരിചിതനായി മാറി. കൈ പോ ചെയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ അഭിനയത്തിന് പ്രൊഡ്യൂസേഴ്‌സ് ഗിൽഡിന്‍റെ മികച്ച നവാഗത നടനുള്ള പുരസ്കാരവും മറ്റ് നിരവധി അവാർഡുകളും നേടി. പരിനീതി ചോപ്രക്കൊപ്പം അഭിനയിച്ച ശുദ്ധ് ദേശി റൊമാൻസ് ആണ് രണ്ടാം ചിത്രം. ബോളിവുഡ് നടി ക്രിതി സനോണിനൊപ്പം "പാസ് ആവോ" എന്ന പരസ്യത്തിലും സുശാന്ത് പ്രത്യക്ഷപ്പെട്ടു. അഭിനയത്തിന് പുറമെ, മികച്ചൊരു നർത്തകനുമാണ് സുശാന്ത് സിങ് രാജ്‌പുത്.
2016ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ബയോപിക് ചിത്രം എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറിയാണ് സുശാന്തിന്‍റെ കരിയർ ബസ്റ്റ് സിനിമ.
അമീർ ഖാന്‍റെ പികെയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. കേദർനാഥ്, വെൽകം ടു ന്യൂയോർക്ക്, ഡിറ്റക്‌ടീവ് ബ്യോംകേശ് ബക്ഷി, രാബ്താ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിച്ചോരെയാണ് സുശാന്തിന്‍റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജാക്വലിൻ ഫെർണാണ്ടസിനൊപ്പം ഡ്രൈവ് എന്ന ആക്ഷൻ ചിത്രത്തിലും സുശാന്ത് സിങ് അഭിനയിച്ചു. നെറ്റ്ഫ്ലിക്സാണ് ചിത്രം റിലീസ് ചെയ്തത്.