ബ്രഹ്മാണ്ഡ ചലച്ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ് രാജമൗലി ഒരുക്കുന്ന 'ആർആർആറി'ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം 2022 ജനുവരി ഏഴിന് തിയേറ്ററുകളിലെത്തും.
വി. വിജയേന്ദ്രപ്രസാദിന്‍റെ തിരക്കഥയിൽ രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ബോളിവുഡ് നടി ആലിയ ഭട്ട് തെന്നിന്ത്യയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. അല്ലൂരി സീതാരാമരാജു എന്ന പൊലീസ് ഓഫിസറായി രാംചരണും, കോമരം ഭീമായി ജൂനിയർ എൻടിആറും അഭിനയിക്കുന്ന ചിത്രത്തിൽ സീത എന്ന കഥാപാത്രമാണ് ആലിയ ഭട്ടിന്‍റേത്. ബോളിവുഡ് നടൻ അജയ് ദേവ്‌ഗൺ, തെന്നിന്ത്യൻ താരം സമുദ്രക്കനി, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‌ജര്‍ ജോണ്‍സ്, ഒലിവിയ മോറിസ്, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് ആർആർആറിലെ മറ്റ് നിർണായക വേഷങ്ങളിലെത്തുന്നത്.
Also Read: 'മാനാടി'ൽ ചിമ്പുവിനൊപ്പം കല്യാണിയും എസ്.ജെ സൂര്യയും; ട്രെയിലർ പുറത്ത്
റിലീസിന് മുൻപ് തന്നെ 325 കോടി രൂപ ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെ ചിത്രം സ്വന്തമാക്കിയിരുന്നു. സീ 5, നെറ്റ്‌ഫ്ലിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് എന്നിവരാണ് റൈറ്റ് സ്വന്തമാക്കിയത്. 450 കോടി ബജറ്റിൽ നിർമിച്ച ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലും വിദേശ ഭാഷകളിലും പുറത്തിറങ്ങും.
അതേ സമയം അല്ലു അർജുൻ- ഫഹദ് ഫാസിൽ ചിത്രം പുഷ്‌പ ഡിസംബർ 17ന് റിലീസിനെത്തും. തെലുങ്കിൽ നിന്നുമൊരുങ്ങുന്ന മറ്റൊരു ബഹുഭാഷ ചിത്രം രാധേ ശ്യാം 2022 ജനുവരി 14നാണ് പ്രദർശനത്തിനെത്തുന്നത്. പ്രഭാസാണ് ചിത്രത്തിലെ നായകൻ.