കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഗീതപ്രേമികളും സിനിമാലോകവും ഇന്ത്യയും ഒന്നടങ്കം പ്രാര്‍ഥിക്കുകയാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള എസ്.പി ബാലസുബ്രഹ്മണ്യത്തിനായി. ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്.പി.ബിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടുത്തിടെ ആരോഗ്യസ്ഥിതി അതീവഗുരുതരമായപ്പോള്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. വ്യാഴാഴ്ച എസ്.പി.ബിക്കായി സിനിമാ-സംഗീത ലോകത്തെ താരങ്ങള്‍ ചേര്‍ന്ന് കൂട്ടപ്രാര്‍ഥനയും സംഘടിപ്പിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
അച്ഛന് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ വിഫലമാകില്ലെന്നും അദ്ദേഹം ഉടന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മകൻ എസ്.പി ചരൺ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു. 'അച്ഛന്‍റെ ആരോഗ്യത്തിൽ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. എങ്കിലും ഞങ്ങൾ പ്രതീക്ഷയും വിശ്വാസവും നിലനിർത്തുകയാണ്. അച്ഛന് വേണ്ടിയുള്ള പ്രാർത്ഥനകൾ പാഴാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം വേഗം സുഖം പ്രാപിക്കും. രോഗമുക്തിക്ക് വേണ്ടി വിവിധയിടങ്ങളില്‍ ഇരുന്ന് പ്രാർഥനയിൽ പങ്കുചേർന്നവർക്ക് നന്ദി അറിയിക്കുകയാണ്. ഈ സ്നേഹത്തിനും കരുതലിനും ഞാനും കുടുംബവും എന്നും കടപ്പെട്ടിരിക്കും. സത്യം പറഞ്ഞാൽ നിങ്ങളുടെ സ്നേഹത്തിന് നന്ദി പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഈ പ്രാർഥനകൾ ഒന്നും പാഴാകില്ല. ദൈവം കരുണയുള്ളവനാണ്. അവിടുന്ന് അച്ഛനെ തിരികെ തരും. അച്ഛന് വേണ്ടി പ്രാർഥിച്ച നിങ്ങൾക്കെല്ലാവർക്കും മുന്നിൽ നന്ദിയോടെ കുമ്പിടുകയാണ്. നിങ്ങളുടെ പ്രാർഥന ഏറെ ആശ്വാസവും ധൈര്യവും നൽകുന്നു' ചരൺ പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായി തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചതിന് ശേഷം വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്കാണ് സംഗീത-സിനിമാലോകം ഒന്ന് ചേര്‍ന്ന് കൂട്ടപ്രാര്‍ഥന സംഘടിപ്പിച്ചത്. സംവിധായകൻ ഭാരതിരാജ സംഘടിപ്പിച്ച പ്രാര്‍ഥനായജ്ഞത്തിൽ ഇളയരാജ, രജനികാന്ത്, കമൽ ഹാസൻ, എ.ആർ റഹ്മാൻ, വൈരമുത്തു തുടങ്ങി തമിഴ് സിനിമാ ലോകത്തെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.