ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഏറ്റവും മികച്ച ഗായകർ രണ്ടുപേരും ദക്ഷിണേന്ത്യയിൽ നിന്നാണ്.... എസ്.പി ബാലസുബ്രഹ്മണ്യവും കെ.ജെ യേശുദാസും. സംഗീതരംഗത്ത് അഞ്ച് പതിറ്റാണ്ട് പൂര്‍ത്തീകരിച്ച രണ്ടുപേരും കൂടി നമുക്ക് സമ്മാനിച്ചത് 80000ൽ പരം ഗാനങ്ങളാണ്. ഒരു മനുഷ്യന് തന്‍റെ ജീവിതകാലം മുഴുവൻ കേൾക്കാനുള്ളത്ര ഗാനങ്ങൾ ഇവർ രണ്ടുപേരും നൽകിയിട്ടുണ്ട്. അതിമനോഹരമായ സഹോദര ബന്ധമായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യവും യേശുദാസും തമ്മില്‍. തന്നെ ഉലച്ച് കളഞ്ഞ ബാലുവിന്‍റെ വേര്‍പാടിനെ കുറിച്ച് വേദനയോടെയല്ലാതെ യേശുദാസിന് ഓര്‍ക്കാനാകുന്നില്ല...
'ബാലു എത്രമേല്‍ തന്നെ സ്നേഹിച്ചിരുന്നു എന്നത് പറഞ്ഞറിയിക്കാനാകില്ല. 'അണ്ണാ...' എന്ന ആ വിളിയില്‍ എല്ലാമുണ്ട്. ഒരമ്മയുടെ വയറ്റില്‍ പിറന്നിട്ടില്ലന്നേയുള്ളൂ. മുജ്ജന്മത്തിലേ സഹോദര ബന്ധമുണ്ടെന്ന് തോന്നുന്നു. അരനൂറ്റാണ്ടിലേറെയായുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മില്‍... ഇക്കാലമത്രയും പരസ്പരമുള്ള ആ സ്നേഹവും കരുതലും ആദരവും കൂടിക്കൂടി വന്നിട്ടേയുളളൂ... കഴിഞ്ഞ ജന്മത്തില്‍ ബാലു നിറയെ സംഗീതം അഭ്യസിച്ചിട്ടുണ്ടാകും. ബാലുവിന്‍റെ സംഗീതം ദൈവസിദ്ധമാണ്. ശരീരവും ആരോഗ്യവും ശ്രദ്ധിക്കണമെന്ന് സംസാരിക്കുമ്പോഴൊക്കെ പറയാറുണ്ടായിരുന്നു. ഗായകരെ സംബന്ധിച്ച് പ്രധാനമാണത്. കൊവിഡാണെന്നറിഞ്ഞപ്പോഴും ഫോണില്‍ വിളിച്ചിരുന്നു. എല്ലാ പ്രതിസന്ധികളെയുമെന്ന പോലെ ബാലു ഇതിനെയും അതിജീവിക്കുമെന്ന് ഉറച്ച് വിശ്വസിച്ചു. അവസാന മണിക്കൂറിലും ഇങ്ങ് ദൂരെ അമേരിക്കയിലെ വീട്ടില്‍ പ്രാര്‍ത്ഥനയോടെ ഇരുന്നതും ബാലുവിന്‍റെ അത്ഭുതകരമായ തിരിച്ചുവരവിന്‍റെ വാര്‍ത്ത കേള്‍ക്കാനാണ്. പക്ഷേ കൊവിഡ് മഹാമാരി നല്‍കിയ നഷ്ടങ്ങളുടെ കൂട്ടത്തിലെ വലിയ സങ്കടമായി ബാലു വിടപറഞ്ഞു' യേശുദാസ് നിറഞ്ഞ കണ്ണുകളോടെ പറയുന്നു.
ഇപ്പോള്‍ അമേരിക്കയിലാണ് യേശുദാസുള്ളത്. പ്രായമായവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് യാത്രാനുമതി ഇല്ലാത്തതിനാല്‍ അവസാനമായി ബാലുവിനെ ഒരുനോക്ക് കാണാന്‍ സാധിക്കാത്തതിന്‍റെ ദുഖം പേറിയാണ് ഗാനഗന്ധര്‍വന്‍ പ്രിയ സുഹൃത്തിന്‍റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നത്. നികത്താൻ കഴിയാത്ത വിടവ് തന്നെയാണ് എസ്.പി.ബിയുടെ നിര്യാണത്തിലൂടെ കലാലോകത്തിന് സംഭവിച്ചിരിക്കുന്നത്.