മുംബൈ: ഗല്ലി ബോയ് ചിത്രത്തിലെ എംസി ഷേർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്‌തനായ സിദ്ധാന്ത് ചതുർവേദിയുടേതായി ഒരുങ്ങുന്നത് ഒരുപിടി മികച്ച ചിത്രങ്ങൾ. ബോളിവുഡ് ദിവ ദീപികാ പദുകോണിനും സെയ്‌ഫ് അലി ഖാൻ, റാണി മുഖർജി എന്നിവർക്കൊപ്പവും അഭിനയിക്കാൻ അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് സിദ്ധാന്ത് ചതുർവേദി. ശകുൻ ബത്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദീപിക പദുകോണിനും അനന്യ പാണ്ഡെക്കും ഒപ്പമാണ് സിദ്ധാന്ത് ചതുർവേദി അഭിനയിക്കുന്നത്. ഇതുവരെയും ടൈറ്റിൽ പ്രഖ്യാപിക്കാത്ത ചിത്രം ഹിന്ദി സിനിമകളിൽ അധികം അവതരിപ്പിക്കാത്ത പ്രമേയത്തിലും ശൈലിയിലുമാണ് തയ്യാറാക്കുന്നത്. പുതിയ കാലത്തിന് അനുയോജ്യമായി, രസകരമായ രീതിയിലാണ് ശകുൻ ബത്ര ചിത്രം ഒരുക്കുന്നതെന്നും ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗല്ലി ബോയ് ഫെയിം വ്യക്തമാക്കി.
ബണ്ടി ഓർ ബബ്ലി 2ൽ റാണി മുഖർജി, സെയ്‌ഫ് അലി ഖാൻ, പങ്കജ് ത്രിപാഠി എന്നിങ്ങനെ മികച്ച താരനിര അണിനിരക്കുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നന്നായി ആസ്വദിച്ചിരുന്നതായും കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ബണ്ടി ഓർ ബബ്ലി 2 റിലീസിനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സിദ്ധാന്ത് ചതുർവേദി അറിയിച്ചു.