അരങ്ങുകളുടെ കാലം പതിയെ ക്ഷയിക്കുകയാണ്. എന്നാൽ, പാശ്ചാത്യനാടുകളിലും ഭാരതീയസംസ്കാരത്തിലുമൊക്കെ ജനങ്ങളുടെ ജീവിതഗതിയിൽ രംഗകലകൾ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ബ്രിട്ടന്‍റെ സുവർണകാലഘട്ടമായി അറിയപ്പെടുന്ന എലിസബത്ത് രാജ്ഞിയുടെ ഭരണകാലം സമ്പുഷ്‌ടമാക്കിയതിൽ വില്യം ഷേക്സിപയറും ക്രിസ്റ്റഫർ മാർലോയും ബെൻ ജോൺസണുമുൾപ്പെടുന്ന നാടകകൃത്തുക്കൾ പങ്കുവഹിച്ചു. പതിനാലാം നൂറ്റാണ്ടിന് മുമ്പും ശേഷവും ഉണ്ടായി ഇംഗ്ലീഷ് നാടകകളെ വിശ്വപ്രശസ്തമാക്കിയ കുറേ നാടക രചയിതാക്കൾ. ബൈബിൾ ഇതിവൃത്തങ്ങളിൽ നിന്നും നാടകങ്ങൾ ആവിഷ്കരിച്ച് അവ തെരുവുകളിലും വാഹനങ്ങളിലൂടെയും കാണികൾക്ക് മുമ്പിൽ അവതരിപ്പിച്ചിരുന്നു ആദ്യകാലങ്ങളിൽ. നവോഥാനയുഗത്തിലേക്ക് വരുമ്പോൾ എലിസബത്തൻ തിയേറ്ററും നാടകശാലകളും ഉത്ഭവം കൊണ്ടു.
- " class="align-text-top noRightClick twitterSection" data="
">
ഭാരതീയ പൈതൃകത്തിലുമുണ്ട് പേരുകേട്ട നാടകാകൃത്തുക്കളും കലാകാരന്മാരും. കാളിദാസന്‍റെ അഭിജ്ഞാന ശാകുന്തളവും ഉത്തരേന്ത്യ ഭരിച്ച ഹർഷന്‍റെ രത്നാവലി, നാഗനന്ദ പ്രിയദർശിക തുടങ്ങിയ കൃതികളും ഗിരീഷ് കർണാഡ്, രവീന്ദ്രനാഥ ടാഗോർ, സി.വി രാമൻ പിള്ള, അമൃത ലാൽ ബസു, സത്യദേവ് ദുബെ തുടങ്ങി പല കാലഘട്ടങ്ങളെ പ്രതിനിധീകരിച്ച കലാകാരന്മാരും... ടെലിവിഷന്‍റെ വരവ് നാടകശാലകളിലേക്കുള്ള ജനങ്ങളുടെ വരവിന് ആക്കം കുറച്ചു. ജനപ്രിയകലയായി സിനിമയും വേരുറപ്പിച്ചപ്പോൾ രംഗകല ശിഥിലമാകാൻ തുടങ്ങിയെന്ന് തന്നെ പറയാം.
എന്നാൽ, അന്യം നിന്നു പോകുന്ന നാടകകലയെ തിരിച്ചുവിളിക്കുകയാണ് ബോളിവുഡ് നടൻ ശ്രേയസ് തല്‍പാഡെ. ഇന്ന് ലോക നാടക ദിനത്തിലാണ് തൽപാഡെ അരങ്ങിനെ സജീവമാക്കാനുള്ള തന്‍റെ ഉദ്യമത്തെ പരിചയപ്പെടുത്തുന്നത്. നാടകങ്ങളെ ജനഹൃദയങ്ങളിലേക്ക് പുനർജീവിപ്പിക്കാൻ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് കലയോടുള്ള തന്‍റെ അഭിനിവേശവും സ്നേഹവും അദ്ദേഹം വ്യക്തമാക്കുന്നത്.
ലോകത്തിൽ തന്നെ ആദ്യമായി നാടകത്തിനും കലക്കുമായി ഒരു ഒടിടി പ്ലാറ്റ്‌ഫോം. 'നയൻ രസ' എന്ന് പേരിട്ടിരിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഇനി നാടകം ആസ്വദിക്കാം, പ്രോത്സാഹിപ്പിക്കാം. അടുത്ത മാസം ഒമ്പത് മുതൽ നയൻ രസ പ്രദർശനം തുടങ്ങുമെന്നും ലോക നാടക ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ ശ്രേയസ് തല്‍പാഡെ അറിയിച്ചു. നാടകങ്ങൾ ഇനിമുതൽ ഓൺലൈനായി ആസ്വദിക്കാമെന്ന നേട്ടമാണ് നയൻ രസ സാധ്യമാക്കുന്നത്.
"20 വർഷങ്ങൾക്ക് മുമ്പ് ഞാൻ ആദ്യമായി വേദിയിൽ കാൽ വച്ചപ്പോൾ എനിക്കിത് അറിയാമായിരുന്നു, ഇത് എന്‍റെ ഇടമാണെന്ന്. ഈ പാത അത്ര എളുപ്പമാവില്ലെന്ന് അറിയാം, പക്ഷേ എന്നെങ്കിലുമൊരിക്കൽ ഈ സമയത്തെ കുറിച്ച് ഓർത്ത് ഞാൻ അഭിമാനം കൊള്ളുമെന്നും മനസിലാക്കി. ഇന്ന് ലോക നാടക ദിനത്തിൽ നാടകവേദിയും കലയും അതിന്‍റെ മുഴുവൻ മഹത്വത്തിലും തിളങ്ങുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു!" എന്ന് ശ്രേയസ് തല്‍പാഡെ അറിയിച്ചു. ട്വിറ്റർ, ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് ബോളിവുഡ് നടൻ നയൻ രസയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.