2018ല്‍ പുറത്തിറങ്ങിയ സീറോ എന്ന സിനിമയുടെ പരാജയത്തിന് ശേഷം സിനിമകളൊന്നും ചെയ്യാതെ നടന്‍ ഷാരൂഖ് ഖാന്‍ ഇടവേള എടുത്തിരിക്കുകയായിരുന്നു. ആരാധകര്‍ എപ്പോഴും അദ്ദേഹത്തിന്‍റെ തിരിച്ച് വരവിനായുള്ള കാത്തിരിപ്പിലായിരുന്നു. ശേഷം പുതുവര്‍ഷ ദിനത്തിലാണ് അദ്ദേഹം സിനിമകളുമായി വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ച് വരുന്ന വിവരം അറിയിച്ചത്. കൂടാതെ പത്താന്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം തിരിക്കിലാണെന്ന തരത്തില്‍ വാര്‍ത്തകളും വീഡിയോകളും പുറത്തുവന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പത്താന്‍ സിനിമയുടെ ഷൂട്ടിങ് മുടങ്ങിയെന്നാണ് അറിയാന്‍ കഴിയുന്നത്. സംവിധായകനും സഹസംവിധായകനും ഇടയിലുള്ള അഭിപ്രായ വ്യത്യാസം അടിയില്‍ കലാശിച്ചെന്നും അതിനാല്‍ ഷൂട്ടിങ് നിര്‍ത്തിവെച്ചിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണ സമയത്ത് ആരും ഫോണ്‍ ഉപയോഗിക്കരുതെന്ന സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദിന്‍റെ നിര്‍ദേശം ഒരു സഹസംവിധായകന്‍ പാലിച്ചിരുന്നില്ലെന്നും ഏതാനും ദിവസങ്ങള്‍ സഹസംവിധായകന്‍റെ പ്രവൃത്തികള്‍ നിരീക്ഷിച്ചതിന് ശേഷം അയാളെ വിളിച്ച് സിദ്ധാര്‍ഥ് തന്‍റെ അഭിപ്രായം അറിയിക്കുകയായിരുന്നുവെന്നും ഇത് വലിയ വാക്കുതര്‍ക്കത്തിലേക്ക് എത്തുകയായിരുന്നുവെന്നുമാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടാതെ സെറ്റിലുണ്ടായിരുന്നവരെ അമ്പരപ്പിച്ച് കൊണ്ട് സംവിധായകനും അസിസ്റ്റന്‍റും തമ്മില്‍ പരസ്പരം അടിക്കുകയും ചെയ്‌തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ദിവസം ഷൂട്ടിങ് മുടങ്ങിയെന്നും പിന്നീട് ഷൂട്ടിങ് ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദീപിക പദുക്കോണ്‍ ആണ് പത്താനില്‍ നായിക.