49ന്‍റെ നിറവില്‍ ബോളിവുഡിന്‍റെ നവാബ് സെയ്ഫ് അലിഖാന്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലിഖാന്‍റെയും പ്രശസ്ത നടി ശര്‍മിള ടാഗോറിന്‍റെയും മകനായി 1970ലാണ് താരത്തിന്‍റെ ജനനം. താരകുടുംബത്തിലാണ് സെയ്ഫിന്‍റെ ജനനമെങ്കിലും സെയ്ഫ് സ്വപ്രയത്നത്തിലൂടെയാണ് ഇന്ത്യ സിനിമയില്‍ തനിക്കായി ഇരപ്പിടം കണ്ടെത്തിയത്. 1992ൽ പുറത്തിറങ്ങിയ പരമ്പര എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമ പ്രവേശനം. യഷ് ചോപ്ര സംവിധാനം ചെയ്ത ഈ ചിത്രം പക്ഷെ ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1994ല്‍ പുറത്തിറങ്ങിയ നരേഷ് മല്‍ഹോത്ര ചിത്രം യഹ് ദില്ലഗി വലിയ ഹിറ്റാവുകയും സെയ്ഫിന്‍റെ ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്തു. ചിത്രത്തില്‍ കജോളാണ് നായികാവേഷത്തിലെത്തിയത്.
പിന്നീട് നിരവധി ചിത്രങ്ങള്‍ സെയ്ഫിനെ തേടി എത്തുകയും അവയെല്ലാം മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. 2004ല്‍ പുറത്തിറങ്ങിയ ഹം തും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് സെയ്ഫിന് ലഭിച്ചു. ബോളിവുഡ് മുന്‍നിര നായികന്മാരുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ എത്താനും ഇതോടെ സെയ്ഫിന് സാധിച്ചു. തുടര്‍ന്ന് ഓരോ വര്‍ഷവും ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് നിരവധി ഹിറ്റുകള്‍ സെയ്ഫിന്‍റെ കരിയറില്‍ പിറന്നു.
2018 ൽ നെറ്റ്ഫ്ലിക്സ് ത്രില്ലർ സീരീസായ സേക്രഡ് ഗെയിംസിലൂടെ യുവാക്കള്‍ക്കിടയിലും സെയ്ഫ് ഹരമായി മാറി. സീരിസിലെ താരം അവതരിപ്പിക്കുന്ന പൊലീസ് ഓഫീസർ കഥാപാത്രം സർതാജ് സിങിനും ആരാധകര്‍ ഏറെയാണ്. ആദ്യ ഭാര്യ അമൃത സിങുമായുള്ള വിവാഹമോചനത്തിന് ശേഷം ഇന്ത്യന്‍ സിനിമയിലെ താരസുന്ദരി കരീന കപൂറിനെ സെയ്ഫ് 2012ല്‍ ജീവിത പങ്കാളിയാക്കി. ഇരുവര്‍ക്കും ഒരു മകനുണ്ട്. താരദമ്പതികളുടെ പുത്രനായ തൈമൂറിനും ആരാധകര്‍ ഏറെയാണ്.