ജീവിതത്തില്‍ മാത്രമല്ല, അഭിനയത്തിലും സാഹസിക നിറഞ്ഞതായിരുന്നു സെയ്‌ഫ് അലിഖാൻ. വിജയവും പരാജയവും മാറി മറിഞ്ഞ സിനിമ ജീവിതത്തില്‍ ബോളിവുഡിൽ സ്വന്തമായ സ്ഥാനം കണ്ടെത്തിയ താരത്തിന്‍റെ 51-ാം പിറന്നാൾ ദിനമാണിന്ന്. കഥാപാത്രത്തിന്‍റെ സ്വഭാവത്തിലെ മേന്മ നോക്കിയല്ല, മറിച്ച് അതിലേക്ക് എങ്ങനെ തന്‍റെ സാന്നിധ്യം എത്തിക്കാമെന്നാണ് സെയ്‌ഫ് അലി ഖാൻ എപ്പോഴും ശ്രദ്ധിക്കാറുള്ളത്. അത്തരം സൂഷ്‌മതയിൽ നിന്നും ആത്മവിശ്വാസത്തിൽ നിന്നും നടൻ നേടിയെടുത്ത പ്രേക്ഷകരുടെ വിശ്വാസം മൂന്ന് പതിറ്റാണ്ടുകളായി തെളിഞ്ഞുനിൽക്കുന്നു.
തൊണ്ണൂറുകളിൽ ബോളിവുഡിലെ മൂന്ന് കിംഗുമാരും അവരവരുടെ ശൈലിയിലൂടെ സൂപ്പർതാര സാമ്രാജ്യം കെട്ടി ഉയർത്തിയപ്പോൾ ഇതെല്ലാം തനിക്കിണങ്ങുമെന്ന് പരീക്ഷിക്കുകയായിരുന്നു സെയഫ് അലി ഖാൻ.
റൊമാൻസിൽ ഷാരൂഖ് ഖാനും അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളിൽ ആമിർ ഖാനും മാസും പഞ്ചുമായി സൽമാൻ ഖാനും ഹിന്ദി ചലച്ചിത്രമേഖലയിൽ സ്ഥാനം പിടിച്ചപ്പോൾ, സിനിമ വിജയമാണോ പരാജയമാണോ എന്നതിൽ വ്യാകുലനാവാതെ ഏത് കഥാപാത്രവും പയറ്റി നോക്കുന്നതിലായിരുന്നു സെയ്‌ഫ് തൽപരനായത്.
റൊമാൻസും കോമഡിയും നെഗറ്റീവ് വേഷങ്ങളും ഗാങ്‌സ്റ്ററും സഹനടനും അങ്ങനെ ഏത് കഥാപാത്രങ്ങളും സ്വീകരിച്ച്, അതിൽ വിജയവും പരാജയവും നേരിട്ടാണ് താരം 30 വർഷങ്ങളായി സിനിമയിലൂടെ യാത്ര തുടർന്നത്.
പട്ടൗഡി നവാബിന്‍റെ മകനായ സെയ്‌ഫ് അലി ഖാൻ, രാജകുടുംബത്തിന്‍റെ പരവതാനി ഉപേക്ഷിച്ച് സിനിമയിലെ സാഹസിക വേഷങ്ങൾ തെരഞ്ഞെടുത്തപ്പോൾ അദ്ദേഹത്തിനെ തേടിയെത്തിയത് മികച്ച നടനുള്ള ദേശീയ അവാർഡ് അടക്കമുള്ള അംഗീകാരങ്ങൾ.
Also Read: ഏക് ലഡ്‌കി കോ ദേഖാ തോ ഐസാ ലഗാ.... മനീഷ കൊയ്‌രാളക്ക് 51-ാം പിറന്നാൾ
ആദ്യചിത്രം 1992ൽ പുറത്തിറങ്ങിയ പരമ്പര. മേ ഖിലാഡി തു അനാഡി, യേ ദില്ലഗി ചിത്രങ്ങൾ സിനിമാജീവിതത്തിൽ വഴിത്തിരിവായി. എന്നാൽ, പിന്നീടിറങ്ങിയ പല ചിത്രങ്ങളും പരാജയപ്പെട്ടു. ശേഷം ദിൽ ചാഹ്താ ഹൈ, കൽ ഹോ നാ ഹോ തുടങ്ങിയ സിനിമകൾ ബോളിവുഡിൽ സെയ്‌ഫിനെ സെയ്‌ഫാക്കി. പിന്നീട് ഹം തും എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡും 2000ലിറങ്ങിയ നമസ്‌തേ, പരിണീത, ഓംകാര, താ രാ രം പം തുടങ്ങിയ വാണിജ്യവിജയമായ ചിത്രങ്ങളിലൂടെയും നടൻ തന്‍റെ സിനിമാജീവിതം പടുത്തുയർത്തി.
പുരാണകഥകളിലെ യോദ്ധാവായും ചരിത്രനായകനായും പ്രതിനായകനായും വൈവിധ്യവേഷങ്ങൾ ഏറ്റെടുത്ത് അടുത്ത ദശകങ്ങളിലും അദ്ദേഹം സിനിമയിൽ നിറഞ്ഞുനിന്നു. സേക്രഡ് ഗെയിംസ്, താണ്ഡവ് തുടങ്ങിയ വെബ് സീരീസുകളിലൂടെയും സെയ്‌ഫ് അലി ഖാൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കഴിഞ്ഞു.
കഥകളും അവതരണവും വൈവിധ്യങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയമാകുന്ന പുത്തൻ സിനിമയുടെ കാലഘട്ടത്തിലും സെയ്‌ഫ് തന്‍റെ സാഹസികത അവസാനിപ്പിക്കില്ല. അവിടെ അയാൾ ചെറുതായി പരാജയപ്പെട്ടാലും വീണ്ടും ഒരു ഹിറ്റുമായി തന്നെ തിരിച്ചുവരുമെന്ന് പ്രേക്ഷകർക്കും വ്യക്തമായി അറിയാം.