ബാഹുബലിക്ക് ശേഷം ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസിന്‍റെ ആക്ഷൻ ത്രില്ലര്‍ ചിത്രം സാഹോയുടെ പ്രീ റിലീസ് ചടങ്ങ് ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ നടത്തി. ചടങ്ങിന്‍റെ ഭാഗമായി 60 അടി ഉയരമുള്ള പ്രഭാസിന്‍റെ കട്ടൗട്ട് അണിയറപ്രവര്‍ത്തകര്‍ സ്ഥാപിച്ചു. ഓഗസ്റ്റ് മുപ്പതിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ ഫിലിം സിറ്റില്‍ പ്രീ റിലീസ് ചടങ്ങ് സംഘടിപ്പിച്ചത്. പതിനായിരത്തോളം വരുന്ന ആരാധകരാണ് പ്രിയ താരത്തെ കാണാനും ചടങ്ങില്‍ പങ്കെടുക്കാനുമായി റാമോജി ഫിലിം സിറ്റിയില്‍ എത്തിയത്. പ്രഭാസും നായിക ശ്രദ്ധ കപൂറും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
- " class="align-text-top noRightClick twitterSection" data="">
സാഹോയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളും മെഷീനുകളും ഉള്‍പ്പെടുത്തി സിനിമ പ്രേമികള്‍ക്കായി പ്രദര്‍ശനവും ഒരുക്കി. ചിത്രത്തിന്‍റെ പ്രമോഷന് മാത്രമായി രണ്ട് കോടിയിലധികം രൂപയാണ് അണിയറപ്രവര്‍ത്തകര്‍ ചിലവഴിച്ചത്. ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിന്‍റെ തത്സമയ ദൃശ്യങ്ങള്‍ യുവി ക്രീയേഷന്‍റെ യുട്യൂബ് ചാനല്‍ വഴിയും സംപ്രേഷണം ചെയ്തു. 300 കോടിയിലധികം രൂപ ചിലവഴിച്ച് നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജീത്താണ്. ആക്ഷൻ രംഗങ്ങള്‍ക്ക് മാത്രം 90 കോടി രൂപയാണ് മുടക്കിയത്. കെന്നി ബേറ്റ്സാണ് ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയത്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളി താരം ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് എന്നിങ്ങനെ വിവിധ ഭാഷകളില്‍ ഒരേ സമയം ചിത്രം പ്രദര്‍ശനത്തിന് എത്തും.