ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്‌പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയെ നര്‍ക്കോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തു. സുശാന്തിന്‍റെ സഹായിയായിരുന്ന സാമുവല്‍ മിറാന്‍ഡയെയും നര്‍ക്കോട്ടിക്സ് സംഘം അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇരുവരെയും സംഘം മുംബൈ കോടതിയില്‍ ഹാജരാക്കി. ഷോവികിനെയും സാമുവല്‍ മിറാന്‍ഡയെയും നാല് ദിവസത്തേക്ക് നര്‍കോട്ടിക്‌സ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവായി. സെപ്റ്റംബര്‍ ഒമ്പത് വരെയാണ് കസ്റ്റഡി കാലാവധി.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വെള്ളിയാഴ്ച വൈകിട്ട് ഷോവിക്കിനെ അറസ്റ്റ് ചെയ്തത്. ഷോവിക്കിന് മയക്കുമരുന്ന് ലോബികളുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പത്ത് മണിക്കൂറോളമാണ് ഷോവിക്കിനെയും സുശാന്തിന്‍റെ സഹായി സാമുവല്‍ മിറാന്‍ഡയെയും ചോദ്യം ചെയ്തത്. ഇരുവര്‍ക്കും മയക്കുമരുന്ന് ലോബികളുമായുള്ള ബന്ധം വെളിവാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എൻഡിപിഎസ് ആക്ടിലെ നിരവധി വകുപ്പുകൾ പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കഞ്ചാവടക്കമുള്ളവ ഷോവിക് ഉപയോഗിച്ചിരുന്നതായും നര്‍ക്കോട്ടിക്സ് സംഘം കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച റിയ ചക്രബര്‍ത്തിയുടെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ലാപ്ടോപും ഫോണും പിടികൂടിയിട്ടുണ്ട്.