ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടിയും മോഡലുമായ റിയ ചക്രബര്‍ത്തി സിബിഐക്ക് മുമ്പില്‍ ഹാജരായി. പിതാവിനും സഹോദരനുമൊപ്പമാണ് റിയ സിബിഐ ഓഫീസില്‍ എത്തിയത്. സിബിഐക്ക് മുമ്പില്‍ ഹാജരാക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ചാറ്റുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തുടങ്ങിയവയും നടിയുടെ അഭിഭാഷകന്‍ കൊണ്ടുവന്നിരുന്നു. നടിയെ മണിക്കൂറുകളോളം സിബിഐ ചോദ്യം ചെയ്തേക്കും. വ്യാഴാഴ്ച നടിയുടെ സഹോദരനെ സംഘം ചോദ്യം ചെയ്തിരുന്നു. സിബിഐയും എന്‍ഫോഴ്സ്‌മെന്‍റും എന്‍സിബിയും നടത്തുന്ന അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ റിയക്ക് സാധിക്കില്ലെന്ന് സുശാന്തിന്‍റെ ബന്ധു നിരജ് കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി റിയയെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും നിരജ് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം തന്‍റെയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് നടി റിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരുന്നു. റിയയുടെ വീടിന് മുമ്പില്‍ മാധ്യമങ്ങള്‍ തടിച്ച് കൂടി നില്‍കുന്ന വീഡിയോയും നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. സഹായം അഭ്യര്‍ഥിച്ച് പൊലീസിനേയും മറ്റ് അന്വേഷണ ഏജന്‍സിയേയും സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും താരം പറഞ്ഞു. ഇത് കൂടാതെ സെക്യൂരിറ്റി ജീവനക്കാരന്‍റെ ഒരു വീഡിയോയും റിയ പങ്കുവെച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ തന്‍റെ അപ്പാര്‍ട്ട്മെന്‍റിന്‍റെ കോമ്പൗണ്ടില്‍ കയറിയെന്നും അച്ഛനേയും സെക്യൂരിറ്റിക്കാരനേയും ആക്രമിച്ചുവെന്നും പോസ്റ്റില്‍ റിയ ആരോപിച്ചു.