മുംബൈ: പതിനാല് ദിവസത്തെ സെൽഫ് ക്വാറന്‍റൈൻ പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ച് ബോളിവുഡ് നടി രാധിക മദൻ. മുബൈയിൽ നിന്നും ഡൽഹിയിൽ എത്തി ക്വാറന്‍റൈനിലായിരുന്ന നടി അമ്മക്കൊപ്പമെടുത്ത ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. "14 ദിവസത്തെ വനവാസത്തിന് ശേഷം... സ്വയ നിരീക്ഷണം അവസാനിച്ചു," എന്നാണ് രാധിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ലോക്ക് ഡൗൺ സമയത്ത് മുംബൈയിൽ ആയിരുന്ന താരം ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഡൽഹിയിലേക്ക് വന്നത്. മെയ് 26ന് നഗരത്തിൽ എത്തിയ താരം പിന്നീട് ക്വാറന്‍റൈനിൽ പ്രവേശിച്ചു.
കൊവിഡ് കാലത്തെ വിമാനയാത്രയെ കുറിച്ചുള്ള ചിത്രവും അംഗ്രേസി മീഡിയം ഫെയിം പുറത്തുവിട്ടിരുന്നു. "ഞാൻ ഇതാ വരികയാണ് അമ്മ" എന്ന് കുറിച്ചുകൊണ്ട് മുംബൈ എയർപോർട്ടിന് പുറത്തുനിന്ന് എടുത്ത ചിത്രമാണ് നേരത്തെ രാധിക പങ്കുവച്ചത്. ഇർഫാൻ ഖാനൊപ്പം അഭിനയിച്ച അംഗ്രേസി മീഡിയമാണ് താരത്തിന്‍റെ ഒടുവിൽ പുറത്തിറങ്ങിയ ചലച്ചിത്രം. ഇർഫാൻ ഖാനൊപ്പം നിൽക്കുന്ന ഒരു ചിത്രവും രാധികാ മദൻ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നു.