ചാരവൃത്തിയാരോപിച്ച് ദേശദ്രോഹിയായ നമ്പി നാരായണൻ; ചരിത്രത്തിൽ മറഞ്ഞിരിക്കുന്ന സത്യം മാധവനിലൂടെ ചുരുളഴിയുകയാണ്. ഐഎസ്ആർഒ ശാസ്‌ത്രജ്ഞൻ നമ്പി നാരായണന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി നടൻ ആർ. മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോക്കട്രി: ദി നമ്പി ഇഫക്ട്'. മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തിൽ നമ്പി നാരായണനായി എത്തുന്നതും മാധവനാണ്. ഇന്ത്യയുടെ അഭിമാനപ്രതീകമായ നമ്പി നാരായണനായുള്ള മാധവന്‍റെ ലുക്ക് നേരത്തെ തന്നെ വലിയ ജനശ്രദ്ധ നേടിയിരുന്നു. ഓർമകളുടെ ഭ്രമണപഥം എന്ന ആത്മകഥയെ അടിസ്ഥാനമാക്കിയാണ് തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ചിത്രം ഒരുക്കുന്നത്. മാധവൻ തന്നെയാണ് സിനിമക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും.
തമിഴകത്തിന്‍റെ പ്രിയതാരം സിമ്രാനാണ് റോക്കട്രി: ദി നമ്പി ഇഫക്ടിലെ നായിക. ചിത്രത്തിന്‍റെ തമിഴ് പതിപ്പിൽ സൂര്യയും ഹിന്ദിയിൽ ഷാരൂഖ് ഖാനും മാധ്യമപ്രവർത്തകന്‍റെ വേഷത്തിലെത്തുന്നു. കഴിഞ്ഞ നാല് വർഷമായി ബയോപിക് ചിത്രത്തിന്‍റെ പണിപ്പുരയിലായിരുന്നു മാധവൻ.
ബിജിത് ബാലയാണ് എഡിറ്റർ. സിർഷ റായ് ചിത്രത്തിന്‍റെ ഫ്രെയിമുകൾ തയ്യാറാക്കിയിരിക്കുന്നു. സാം സി.എസാണ് സിനിമയിൽ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ട്രൈ കളര്‍ ഫിലീസിന്‍റെയും വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിന്‍റെയും ബാനറിൽ മാധവനും ഭാര്യ സരിത മാധവനും വര്‍ഗീസ് മൂലനും വിജയ് മൂലനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. സമ്മർ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.