തന്‍റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശബ്‌ദം അനുകരിച്ച ക്ലബ് ഹൗസ് ഉപഭോക്താവിനെതിരെ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. സൂരജ് നായർ എന്നയാളാണ് തന്‍റെ പേരിൽ വ്യാജ ക്ലബ്ബ് ഹൗസ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന സ്ക്രീൻഷോട്ടുകൾ സഹിതം പങ്കുവച്ചാണ് നടൻ പ്രതികരിച്ചത്. ഇതിന് പിന്നാലെ താരത്തോട് മാപ്പുചോദിച്ച് യുവാവ് രംഗത്തെത്തുകയും യുവാവിന്‍റെ ക്ഷമാപണം അംഗീകരിച്ച് നല്ല ഭാവി ആശംസിക്കുന്നുവെന്നും പൃഥ്വിരാജ് മറുപടി നൽകുകയായിരുന്നു.
താൻ പൃഥ്വിയുടെ സിനിമാഡയലോഗുകൾ അനുകരിച്ച് ആളുകളെ രസിപ്പിക്കാനാണ് ഉദ്ദേശിച്ചതെന്നും അത് ഇത്ര പ്രശ്നമാകുമെന്ന് കരുതിയില്ല എന്നും സൂരജ് തന്‍റെ വിശദീകരണക്കുറിപ്പിൽ പറഞ്ഞു. അക്കൗണ്ടിൽ ഇത്രയധികം ആളുകൾ വരുമെന്ന് കരുതിയില്ല. പൃഥ്വിരാജിന്‍റെ ഫാൻസ് ഗ്രൂപ്പിലെ അംഗമായ തന്നെ ഗ്രൂപ്പിൽ നിന്ന് വരെ തെറിവിളിക്കുന്നുവെന്നും യുവാവ് പറഞ്ഞു. അക്കൗണ്ടിന്‍റെ പേര് മാറ്റാൻ ക്ലബ്ബ് ഹൗസ് അധികൃതരോട് ആവശ്യപ്പെട്ടുവെന്നും തെറ്റിന് താരത്തോടും അദ്ദേഹത്തിന്‍റെ ആരാധകരോടും ക്ഷമ ചോദിക്കുന്നതായും സൂരജ് വിശദമാക്കി. തന്‍റെ ആരാധകൻ കൂടിയായ സൂരജിന്‍റെ ക്ഷമാപണത്തിന് പൃഥ്വിരാജ് നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
പൃഥ്വിരാജിന്‍റെ മറുപടി
'പ്രിയ സൂരജ്,
സാരമില്ല, ഇത് നിരുപദ്രവകരമായ ഒരു തമാശയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇതുപോലുള്ള സംഭവങ്ങൾ എന്തെങ്കിലും വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾക്കിപ്പോൾ മനസ്സിലായിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 2500 ലേറെ പേർ ആ ചർച്ചയിൽ പങ്കെടുത്തിരുന്നു. അവരെല്ലാം ഞാൻ തന്നെയാണെന്ന് കരുതുകയും ചെയ്‌തതായി എനിക്ക് തോന്നി. സിനിമയിലുള്ളവരുടെയും പുറത്തുനിന്നുമായി ഒരുപാട് ഫോൺ കോളുകളും സന്ദേശങ്ങളും വന്നിരുന്നു. അതിനാലാണ് ഞാൻ പ്രതികരിച്ചത്. നിങ്ങൾക്ക് തെറ്റ് മനസിലായി എന്നതിൽ സന്തോഷം. മിമിക്രി എന്നത് വിസ്‌മയകരമായ കലാരൂപമാണ്. മിമിക്രിയിൽ നിന്നും മലയാള സിനിമായിലെത്തിയ ഒരുപാട് കലാകാരന്മാരുണ്ട്. നിങ്ങൾക്കും അതുപോലെ വലിയ നേട്ടങ്ങളിൽ എത്താൻ കഴിയട്ടെ. വലുതായി സ്വപ്‌നം കാണൂ, നന്നായി പരിശ്രമിക്കൂ, അറിവ് നേടിക്കൊണ്ടേയിരിക്കൂ. നിങ്ങൾക്ക് വിശിഷ്ടമായ ഒരു കരിയർ ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു.' താൻ ക്ലബ് ഹൗസിൽ അംഗമല്ലെന്ന് വ്യക്തമാക്കിയാണ് താരം തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
More Read: ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ട് ; മുന്നറിയിപ്പുമായി വീണ്ടും പൃഥ്വിരാജ്
ലക്ഷദ്വീപ് വിഷയത്തിൽ തനിക്കെതിരെയുണ്ടായ വ്യക്തിഹത്യയിൽ താരം പ്രതികരിച്ചിരുന്നില്ലെങ്കിലും, കുറിപ്പിനവസാനം ഓൺലൈൻ വഴിയുള്ള അവഹേളനങ്ങൾക്ക് താൻ മാപ്പ് നൽകില്ലെന്ന നിലപാട് കൂടി പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരെ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്നും താരം കൂട്ടിച്ചേർത്തു. തങ്ങളുടെ പേരിലുള്ള ക്ലബ്ബ് ഹൗസിലെ വ്യാജഅക്കൗണ്ടുകൾക്കെതിരെ ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ടൊവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ എന്നിവരും നേരത്തെ രംഗത്തെത്തിയിരുന്നു.