ക്രിസ്‌ത്യൻ സമൂഹത്തിന്‍റെ വികാരം വ്രണപ്പെടുത്തിയതിന് രവീന ടണ്ടന്‍, ഫറാ ഖാന്‍, ഭാരതി സിംഗ് എന്നിവർക്കെതിരെ കേസെടുത്തു. ബോളിവുഡ് താരം രവീന ടണ്ടനും ഹാസ്യനടൻ ഭാരതി സിംങും സംവിധായിക ഫറാ ഖാനും ഒരു ടിവി പരിപാടിക്കിടെ യേശുക്രിസ്‌തുവിനെതിരെ പരാമർശം നടത്തിയെന്ന പേരിലാണ് പഞ്ചാബ് പൊലീസ് കേസെടുത്തത്. ഫറായുടെ യൂട്യൂബ് കോമഡി ഷോയായ ദി ബാക്ക്ബെഞ്ചേഴ്‌സിൽ മൂന്ന് പേരും ക്രിസ്‌ത്യാനികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചതായാണ് പരാതി.
ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 295 എ പ്രകാരം മതത്തെയോ മതവിശ്വാസത്തെയോ അവഹേളിക്കുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്‌തതിനാണ് ഇവർക്കെതിരെ കേസ് എടുത്തത്. താരങ്ങൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
യഷും സഞ്ജയ് ദത്തും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കെജിഎഫ്2 വിലൂടെ രവീന ടണ്ടന്‍ മടങ്ങി വരവിനൊരുങ്ങുകയാണ്. രോഹിത് ഷെട്ടി നിർമിക്കുന്ന സതേ പെ സത്തയുടെ റീമേക്ക് ഫറാ ഖാൻ ആണ് സംവിധാനം ചെയ്യുന്നത് . ഭാരതി സിംഗ് പ്രശസ്‌ത ടിവി പരിപാടിയായ ദി കപിൽ ശർമ ഷോയുടെ തിരക്കിലാണ്.