മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ അലി കാഷിഫ് ഖാന്‍ ദേശ്മുഖാണ് കങ്കണയ്‌ക്കെതിരെ ക്രിമിനല്‍ റിട്ട് ഫയല്‍ ചെയ്‌തത്. സിആര്‍പിസി 482 വകുപ്പ് ചേര്‍ത്താണ് കേസ്. ട്വീറ്റുകളിലൂടെ കങ്കണ നിരന്തരം വിദ്വേഷം നിറഞ്ഞതും വര്‍ഗീയവുമായ പരാമര്‍ശങ്ങള്‍ പരത്തുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. കങ്കണയുടെ ട്വീറ്റുകള്‍ കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരന്‍ ട്വിറ്ററിനെ എതിര്‍കക്ഷിയായും ചേര്‍ത്തിട്ടുണ്ട്.
മൊറാദാബാദില്‍ കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരകളായ സംഭവത്തില്‍ വിദ്വേഷവും വൈരാഗ്യവും കലര്‍ത്തുന്ന ട്വീറ്റുകള്‍ പ്രചരിപ്പിച്ചതിന് കങ്കണയുടെ സഹോദരി രംഗോലി ചന്ദേലിന്‍റെ അക്കൗണ്ട് ഈ വര്‍ഷം ആദ്യം ട്വിറ്റര്‍ സസ്‌പെന്‍റ് ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം കർഷകർ നയിക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയ ഷഹീൻബാഗ് ദാദി എന്നറിയപ്പെടുന്ന ബിൽകീസ് ബാനുവിനെ അധിക്ഷേപിച്ച് കൊണ്ടും കങ്കണ ട്വീറ്റ് ചെയ്‌തിരുന്നു. ബിൽകീസ് ബാനുവിനെ അപകീർത്തിപ്പെടുത്തിയ ട്വീറ്റിനെതിരെ നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.