മലയാളിയുടെ ഹൃദയത്തിലേക്ക്... ആത്മാവിലേക്ക്... കുളിര്‍മഴയായി പെയ്തിറങ്ങിയ ശബ്ദസൗന്ദര്യമാണ് ഗായിക ശ്രേയ ഘോഷാലിന്‍റേത്. ആലാപന സൗന്ദര്യം കൊണ്ട് ചിത്രയും സുജാതയും ഇന്നും നമ്മളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും മലയാള ചലച്ചിത്ര സംഗീത പൂങ്കാവനത്തില്‍ പാറിപ്പറക്കുന്ന മനോഹരമായ ഒരു വിസ്മയമാവുകയായിരുന്നു ശ്രേയ ഘോഷാലെന്ന മറുനാടന്‍ ഗായിക. തന്‍റെ മാതൃഭാഷ അല്ലാതിരുന്നിട്ടുപോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ഈ പെണ്‍കുട്ടിയെയും അവളുടെ സ്വരമാധുരിയേയും ഒരുപാടൊരുപാട് ഇഷ്ടമാണ് നമ്മള്‍ മലയാളികള്‍ക്ക്.... അതിമനോഹരമായ ശ്രേയയുടെ സ്വരമാധുരിയില്‍ മലയാള ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് ആസ്വാദകര്‍ക്ക് നല്‍കുന്നത് പാട്ടിന്‍റെ പൂക്കാലം... എത്ര കഷ്ടപ്പെട്ടും ഓരോ വരിയുടേയും അര്‍ഥം മനസിലാക്കി... വരികളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്ന്... ആവശ്യപ്പെടുന്ന ഭാവം ചാലിച്ച് ചേര്‍ത്തുകൊണ്ടാണ് ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നത്. ഒരിക്കലും വിരക്തി തോന്നുകയില്ല... ആ സ്വരത്തിനോട്... അത്ര ഭംഗിയാണ് ഒരു വാക്കുകള്‍ക്കും....
2002ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീല ബന്‍സാലിയുടെ ദേവദാസ് എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച ശ്രേയ തന്‍റെ അരങ്ങേറ്റം ഗംഭീരമാക്കിയത് ആ ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊണ്ടാണ്. മമ്മൂട്ടി-അമല്‍ നീരദ് ടീമിന്‍റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് മലയാളത്തില്‍ എത്തിയ ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ച് കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉര്‍ദു, അസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിച്ച് കഴിഞ്ഞു. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ ശ്രേയക്ക് ലഭിച്ചിട്ടുണ്ട്. വിജയം കൂടുംതോറും വിനയം കൂടുന്ന മനുഷ്യജീവിതത്തിന്‍റെ ജീവിക്കുന്ന ഉദാത്ത മാതൃകയാണ് ശ്രേയാ ഘോഷാല്‍.
- " class="align-text-top noRightClick twitterSection" data="">
മലയാളത്തില്‍ എം.ജയചന്ദ്രന്‍-ശ്രേയ ഘോഷാല്‍ കൂട്ടുകെട്ടില്‍ പിറവി കൊണ്ട ഗാനങ്ങളെല്ലാം ഹിറ്റുകളായിരുന്നു. എന്ന് നിന്‍റെ മൊയ്തീനിലെ 'കാത്തിരുന്ന് കാത്തിരുന്ന്' എന്ന ഗാനമാണ് താന്‍ ആലപിച്ചതില്‍ ഏറ്റവും പ്രിയപ്പെട്ട മലയാള ഗാനമെന്ന് ശ്രേയ ഒരിക്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സംഗീതലോകത്ത് നിന്നും സിനിമാലോകത്ത് നിന്നുമായി നിരവധിപേരാണ് ഗായികക്ക് പിറന്നാള്‍ ആശംസിച്ച് രംഗത്തെത്തിയത്.