ജയ്‌പൂർ: പായൽ റോഹത്ഗിയുടെ കേസിൽ ഉന്നത കോടതിയെ സമീപിക്കുമെന്ന് നടിയുടെ അഭിഭാഷകൻ ഭൂപേന്ദ്ര സക്‌സേന. തന്‍റെ കക്ഷിക്ക് ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും ബുണ്ടി കോടതി ജാമ്യാപേക്ഷ നിരസിച്ചതിനാൽ പായലിനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുന്നതിന് ഉന്നതകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. ഇത് മൗലികാവകാശമാണ്. സമൂഹമാധ്യമങ്ങളിലൂടെ ലഭ്യമാകുന്ന ജവഹർലാൽ നെഹ്‌റുവിന്‍റെ പേഴ്‌സണൽ അസിസ്റ്റന്‍റ് എം.ഒ (മുണ്ടപ്പള്ളിൽ ഉമ്മൻ) മത്തായിയുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് പായൽ വീഡിയോ ഉണ്ടാക്കിയതെന്നും സക്‌സേന വിശദീകരിച്ചു.
നെഹ്റു കുടുംബത്തെ അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിനാണ് പായലിനെ കസ്റ്റഡിയിൽ എടുത്തത്. സെപ്റ്റംബര്‍ ഒന്നിന് രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചാര്‍മേഷ് ശര്‍മയുടെ പരാതിയിൽ അറസ്റ്റിലായ ബോളിവുഡ് താരത്തെ ഇന്നലെ ബുണ്ടി പ്രാദേശിക കോടതി എട്ടു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.