മുംബൈ: സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി പായൽ ഘോഷ് ഇന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ തന്നോട് കശ്യപ് അങ്ങേയറ്റം മോശമായി പെരുമാറിയെന്നും സംവിധായകന് വഴങ്ങാന്‍ ആവശ്യപ്പെട്ടെന്നുമാണ് നടിയും മോഡലുമായ പായൽ ആരോപിച്ചത്. സംഭവത്തിൽ സംവിധായകനെതിരെ മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് നടിയുടെ അഭിഭാഷകൻ നിതിൻ സത്പുട് അറിയിച്ചത്. അനുരാഗ് കശ്യപിനെതിരെ കേസ് രജിസ്റ്റർ ചെയ്യാനായി തിങ്കളാഴ്‌ച വൈകുന്നേരം താരം പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും വനിതാ പൊലീസിന്‍റെ അഭാവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ല.
താരത്തിനെതിരെ ലൈംഗിക ആക്രമണം നടന്നത് വർഷങ്ങൾക്ക് മുമ്പായിരുന്നെങ്കിലും പ്രതിക്ക് മൂന്ന് വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന കേസാണിതെന്ന് അഭിഭാഷകൻ പറഞ്ഞു. എന്നാൽ, പായലിന്‍റെ മീടൂ ആരോപണത്തിനെതിരെ സംവിധായകൻ അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. കൂടാതെ, നടി തപ്‌സി പന്നു അടക്കമുള്ള പ്രമുഖ ബോളിവുഡ് താരങ്ങളും അനുരാഗ് കശ്യപിന്‍റെ മുന്‍ ഭാര്യയും നടിയുമായ കല്‍ക്കിയും സംവിധായകന് പിന്തുണയറിയിച്ച് പ്രതികരിക്കുകയും ചെയ്‌തു.