മുംബൈ: ബോളിവുഡിൽ നിലനിൽക്കുന്ന അഴിമതികളെക്കുറിച്ച് ഒരു സിനിമ തന്നെ നിർമിക്കാമെന്ന് നടൻ അഭയ് ഡിയോൾ. രാഷ്ട്രീയത്തിലെ അഴിമതി വിഷയത്തെ ചുറ്റിപ്പറ്റിയുള്ള 2012ൽ പുറത്തിറങ്ങിയ 'ഷാങ്ഹായ്' എന്ന ചിത്രത്തിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് ബോളിവുഡിലെ പ്രശ്‌നങ്ങളെ കുറിച്ച് താരം പരാമർശം നടത്തിയത്.
- " class="align-text-top noRightClick twitterSection" data="
">
"ഷാങ്ഹായ്, 2012ൽ പുറത്തിറങ്ങി. എഴുത്തുകാരൻ വാസിലിസ് വാസിലിക്കോസ് എഴുതിയ ഗ്രീക്ക് നോവൽ 'സെഡി'ന്‍റെ ഇന്ത്യൻ പതിപ്പ്. ദിബാകർ ബാനർജി സംവിധാനം ചെയ്ത ഈ ചിത്രം രാഷ്ട്രീയത്തിലെ അഴിമതിയെ തുറന്നുകാട്ടി. ചിത്രം ഇന്ന് വളരെ പ്രസക്തമാകുന്നു. ഇന്നത്തെ കാലത്ത്, ബോളിവുഡിലെ അഴിമതികളെക്കുറിച്ചും ഒരു സിനിമ നിർമിക്കാൻ കഴിയുമെന്ന് തോന്നുന്നു” അഭയ് ഡിയോൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഹിന്ദി ചലച്ചിത്രമേഖലയിലെ കുത്തകകളെ കുറിച്ച് തുറന്നു പറഞ്ഞ പ്രമുഖ വ്യക്തികളെയും അദ്ദേഹം പ്രശംസിച്ചു.
ഇപ്പോൾ പുറപ്പെട്ട ഈ രോക്ഷം ഹിന്ദി ചലച്ചിത്ര മേഖലയിലും സംഗീത ലോകത്തും മാറ്റം സൃഷ്‌ടിക്കുമോ എന്ന് തീർച്ചയില്ല. ബോളിവുഡ് എന്ന ടാഗ് ഇല്ലാതെ ഹിന്ദി സിനിമകൾ നിലനിൽക്കുമോ എന്നതിൽ സംശയം പ്രകടിപ്പിച്ചെങ്കിലും സിനിമാരംഗത്ത് നിന്ന് തന്നെ ശക്തമായ പ്രതിഷേധ ശബ്‌ദങ്ങൾ ഉയരുന്നതിൽ സന്തോഷമുണ്ടെന്ന് നടൻ വ്യക്തമാക്കി. തങ്ങളുടെ കരിയർ പോലും നോക്കാതെയാണ് താരങ്ങൾ പ്രതിഷേധം ഉയർത്തുന്നതെന്നും അഭയ് ഡിയോൾ കൂട്ടിച്ചേർത്തു.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണശേഷം, ഗായകൻ സോനു നിഗം, നടി കങ്കണാ റണാവത്ത്, ഹിന്ദി നടൻ വിവേക് ഒബ്‌റോയ് തുടങ്ങി നിരവധി പ്രമുഖർ ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. നടൻ അഭയ് ഡിയോളും നേരത്തെ ബോളിവുഡിലെ കുത്തകകൾക്കെതിരെ പ്രതിഷേധം അറിയിച്ചിരുന്നു.