മുംബൈ: അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ നടന്‍റെ അംഗരക്ഷകനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. ബുധനാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് ഇയാള്‍ എന്‍സിബിക്ക് മുമ്പില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. നേരത്തെ ലഹരി മരുന്ന് കേസിൽ ഹരീഷ് ഖാൻ എന്ന മയക്കുമരുന്ന് കടത്തുകാരനെ എൻസിബി അറസ്റ്റ് ചെയ്‌തിരുന്നു. സുശാന്തിന്‍റെ സഹായികളായ നീരജ്, കേശവ് എന്നിവരെ എൻസിബി ഞായറാഴ്ച ചോദ്യം ചെയ്‌തിരുന്നു.
താരത്തിന്‍റെ അടുത്ത സുഹൃത്തും റൂംമേറ്റുമായിരുന്നു സിദ്ധാര്‍ഥ് പിത്താനി മെയ് 26ന് അറസ്റ്റിലായിരുന്നു. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ ഹൈദരാബാദില്‍ നിന്നാണ് സിദ്ധാര്‍ഥിനെ പിടികൂടിയത്. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസും സിബിഐയും നിരവധി തവണ സിദ്ധാര്‍ഥിനെ ചോദ്യം ചെയ്‌തിരുന്നു. ഇയാള്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം സുശാന്തിനൊപ്പം താമസിച്ചിരുന്നു. മുംബൈയിലെ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതി പിത്താനിയെ എൻസിബി കസ്റ്റഡിയിൽ വിട്ടു.
2020 ജൂണ്‍ 14 നാണ് മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തുന്നത്. താരത്തിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പിന്നീട് ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ തുടങ്ങിയവരെയും ചോദ്യം ചെയ്‌തിരുന്നു.
Also read: മയക്കുമരുന്ന് കേസ് : സുശാന്ത് സിങ്ങിന്‍റെ സുഹൃത്ത് അറസ്റ്റില്‍