ബാഹുബലി പോലെ ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. 400 കോടിയോളം ചെലവഴിച്ച് നിർമിക്കുന്ന ത്രീ- ഡി ചിത്രത്തിന്‍റെ മോഷന്‍ ക്യാപ്‌ചര്‍ ഷൂട്ട് ആരംഭിച്ചുവെന്ന് സംവിധായകന്‍ ഓം റൗട്ട് അറിയിച്ചു. ചിത്രത്തിന്‍റെ സെറ്റിലുള്ള ഷൂട്ടിങ്ങിന് മുൻപുള്ള ടെസ്റ്റ് ഷൂട്ടാണിത്. മോഷന്‍ ക്യാപ്‌ചര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇന്‍ഡോർ ചിത്രീകരണം കൂടിയാണിത്.
ഹോളിവുഡിലെ അവതാറും സ്റ്റാര്‍ വാര്‍സും ഒരുക്കിയ വിഎഫ്‌എക്സ് ടീമിനെ ചിത്രത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ആലോചനയിലാണ് ആദിപുരുഷ് നിർമാതാക്കളെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാമായണകഥയെ ആസ്‌പദമാക്കി ഒരുക്കുന്ന ആദിപുരുഷിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാനാണ്. എന്നാൽ, സീതയുടെ കഥാപാത്രം ആർക്കായിരിക്കുമെന്നതിൽ വ്യക്തതയില്ല. ദീപിക പദുകോൺ, കൃതി സനോൺ, കീർത്തി സുരേഷ് എന്നിവരിൽ ആരെങ്കിലുമാകാം എന്നും സൂചനകളുണ്ട്.
മുൻപെങ്ങും ഇന്ത്യൻ ചലച്ചിത്രങ്ങളിൽ കണ്ടിട്ടില്ലാത്ത ദൃശ്യ വിരുന്നായിരിക്കും വിഷ്വല്‍ ഇഫക്ടുകളുടെ സഹായത്തോടെ ആദിപുരുഷിൽ ഒരുക്കുന്നത്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 2022ല്‍ ചിത്രം റിലീസ് ചെയ്യാനാണ് നിർമാതാക്കള്‍ ആലോചിക്കുന്നത്.