മുംബൈ: ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് നടൻ അജാസ് ഖാനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യുന്നു. ബോളിവുഡിലും ടെലിവിഷൻ രംഗത്തുള്ള സെലിബ്രിറ്റികൾക്കും അജാസ് ഖാൻ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിൽ നടന്മാരും നടിമാരും ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉടമകളും അധോലോകവുമായി ബന്ധമുള്ള ഗുണ്ടകളുമുണ്ടെന്നാണ് എൻസിബി അറിയിച്ചത്. ഇവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതായും അജാസ് ഖാനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി.
മയക്കുമരുന്ന് വില്‍പനക്കാരായ ഫാറൂഖ് ബറ്റാറ്റയും മകൻ ഷാദാബ് ബറ്റാറ്റയുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയാണ് കഴിഞ്ഞ ചൊവ്വാഴ്ച താരത്തെ കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും മയക്കുമരുന്ന് റാക്കറ്റിൽ അജാസ് ഖാൻ അംഗമാണെന്നും അന്വേഷണസംഘം കണ്ടെത്തി. ജയ്പൂരിൽ നിന്ന് മുംബൈയിലേക്ക് വരുമ്പോഴാണ് താരത്തെ എൻസിബി കസ്റ്റഡിയിലെടുത്തതും തുടർന്ന് മുംബൈയിലുള്ള അജാസ് ഖാന്‍റെ കെട്ടിടങ്ങളിൽ റെയ്ഡ് നടത്തിയതും. അടുത്ത ദിവസം തന്നെ ബോളിവുഡ് നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് 7ന്‍റെ ഭാഗമായ അജാസ് ഖാൻ പിന്നീട് സിനിമകളിലൂടെയും ശ്രദ്ധേയനായി. 2018ൽ നവി മുംബൈയിൽ വച്ച് താരത്തിന്‍റെ പക്കൽ നിന്നും ഒരു ലക്ഷം രൂപ വില വരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തതിനെ തുടർന്ന് മുംബൈ പൊലീസ് അജാസ് ഖാനെ അറസ്റ്റ് ചെയ്തിരുന്നു. നാളെ വരെ അജാസ് ഖാൻ എൻസിബിയുടെ കസ്റ്റഡിയിൽ തുടരും.