സിനിമകളുടെയും ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും റേറ്റിങ് നിര്‍ണയിക്കുന്ന ലോകത്തെ ഏറ്റവും ജനപ്രിയ സൈറ്റായ ഐഎംഡിബിയുടെ മികച്ച ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ 2019ലെ ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ തമിഴ് ചിത്രം 'പേരന്‍പ്'. ഉറി, ഗല്ലി ബോയ് എന്നീ ബോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കിയാണ് പേരന്‍പ് ഒന്നാമതെത്തിയത്.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക- മാനസിക അവസ്ഥയുള്ള പാപ്പയും ടാക്‌സി ഡ്രൈവറായ അമുദന്‍ എന്ന അവളുടെ അപ്പയും തമ്മിലുള്ള വൈകാരിക ബന്ധമാണ് പേരന്‍പ് പ്രമേയമാക്കിയത്. അപ്രതീക്ഷിതമായി തന്നെയും മകളേയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ പാപ്പയുടെ അപ്പയും അമ്മയുമെല്ലാമായി മാറുകയാണ് അമുദന്‍. എന്നാല്‍ കൗമാരത്തിലേക്ക് കാലെടുത്ത് വെക്കുന്നതോടെ പാപ്പക്ക് അമ്മ കൂടെയില്ലാത്തതിന്‍റെ വിഷമതകള്‍ അറിയേണ്ടി വരികയും പിന്നീട് ഇരുവരും കടന്ന് പോകുന്ന ജീവിത സങ്കീര്‍ണതകളിലൂടെയുമാണ് കഥ വികസിക്കുന്നത്.
തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തത് റാം ആണ്. മമ്മൂട്ടിയെയും സാധനയെയും കൂടാതെ അഞ്ജലി, സമുദ്രക്കനി എന്നിവര്‍ക്കൊപ്പം ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീറും ചിത്രത്തില്‍ വേഷമിട്ടിരുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും സൂര്യ പ്രഥമന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. എ എല്‍ തേനപ്പനാണ് നിര്‍മ്മാതാവ്. കൊടൈക്കനാലില്‍ ഒരുക്കിയ സെറ്റിലും ചെന്നൈയിലുമായാണ് പേരന്‍പിന്‍റെ ചിത്രീകരണം നടന്നത്.
പ്രേക്ഷക പ്രശംസ നേടിയ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വിക്കി കൗശല്‍ ചിത്രം ഉറി രണ്ടാംസ്ഥാനവും രണ്‍വീര്‍ സിങ്-ആലിയ ഭട്ട് ചിത്രം ഗല്ലി ബോയ് മൂന്നാംസ്ഥാനവും നേടി.