ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം വലിയ ആശങ്ക ജനിപ്പിച്ചെന്ന് നടന്‍ മമ്മൂട്ടി. റിലീസിനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്‍റെ പ്രമോഷന്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഓരോരുത്തരും അവനവന്‍റെ മനസാക്ഷിയോട് ചോദിക്കണം, നമുക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ വലിയ ആശങ്ക ജനിപ്പിച്ചതായും' മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതക കേസിലെ പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് രാജ്യത്താകമാനം പ്രതിഷേധം ശക്തമാകുകയാണ്. സൽമാൻ ഖാൻ, ഷബാന അസ്മി, ഫർഹാൻ അക്തർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും തെന്നിന്ത്യന്‍ താരങ്ങളും സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. 50 കോടി ബജറ്റില്‍ ഒരുക്കിയ മാമാങ്കത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെ പ്രമോഷന്‍ ചടങ്ങ് മുംബൈയിലാണ് നടന്നത്. ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തീയേറ്ററുകളിലെത്തും. ഡിസംബര്‍ 12നാണ് റിലീസ്. എം.പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്.