സിനിമാരംഗത്തെ കടുത്ത വിവേചനത്തെക്കുറിച്ച് തുറന്നടിച്ച് നടി നേഹ ധൂപിയ. ഒരു ലൊക്കേഷനില്‍ നേരിട്ട മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഭക്ഷണകാര്യത്തില്‍ പോലും ദക്ഷിണേന്ത്യയില്‍ വിവേചനം നേരിട്ടതായാണ് നേഹ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. വിശക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ആദ്യം നായകന്‍ ഭക്ഷണം കഴിക്കട്ടെ അതിന് ശേഷം വിളമ്പാം എന്ന മറുപടിയാണ് ലഭിച്ചതെന്ന് താരം പറയുന്നു.
'നിര്‍മാതാക്കള്‍ എപ്പോഴും പ്രാധാന്യം നല്‍കുന്നത് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആളുകള്‍ക്കാണ്. ഭക്ഷണകാര്യത്തിലും അങ്ങനെ തന്നെയാണ്. നായകന്‍ അഭിനയിക്കുകയാണ്, അതുകഴിഞ്ഞ് അദ്ദേഹം ആദ്യം പ്ലേറ്റെടുക്കട്ടെ, എന്നിങ്ങനെ വിചിത്രമായ കാര്യങ്ങളാണ് അവിടെ സംഭവിക്കുന്നത്. ഇത് പഴയ സംഭവമാണ്. പിന്നീട് ഒരിക്കല്‍ സെറ്റില്‍ ഇതുപോലൊരു കാര്യം സംഭവിക്കുകയും ഞാനത് ചിരിച്ച് വിടുകയും ചെയ്തു. എങ്കില്‍ ശരി, ഞാനിവിടെയൊക്കെ കാണും എന്ന മട്ടിലായിരുന്നു അന്നെന്‍റെ പ്രതികരണം' നേഹ പറയുന്നു. താന്‍ പറഞ്ഞത് ഏറെ നാളുകള്‍ക്ക് മുമ്പുള്ള കാര്യമാണെന്നും അതേസമയം ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു.
പ്രിയദര്‍ശന്‍ ചിത്രം മിന്നാരത്തിലൂടെ ബാലതാരമായിട്ടാണ് നേഹ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നേഹയുടെ ആദ്യ ഹിന്ദി ചലച്ചിത്രം 2003ൽ പുറത്തിറങ്ങിയ കയാമതാണ്. പിന്നീട് പുറത്തിറങ്ങിയ ജൂലി, ശീഷ, ക്യാ കൂൾ ഹെ ഹം, ഷൂട്ട് ഔട്ട് ലോഖണ്ട്‌വാല, ദസ് കഹാനിയാം എന്നിവ നേഹ ധൂപിയയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. ഹെലികോപ്റ്റര്‍ ഈലയാണ് ഒടുവില്‍ അഭിനയിച്ച താരത്തിന്‍റെ ചിത്രം. നേഹയുടെ തുമാരി സുലുവിലെ മരിയ എന്ന കഥാപാത്രം മികച്ച പ്രതികരണം നേടിയിരുന്നു. വിദ്യാബാലനായിരുന്നു തുമാരി സുലുവില്‍ കേന്ദ്രകഥാപാത്രമായിയെത്തിയത്.