മുംബൈ: ബോളിവുഡ്‍ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ ചികിത്സയിൽ തുടരുന്ന ഗായിക ലതാ മങ്കേഷ്‌കറിനെ സന്ദർശിച്ചു. മങ്കേഷ്‌കറിന്‍റെ ആരോഗ്യം തൃപ്തികരമാണെന്നും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും ഇന്നലെ മങ്കേഷ്‌കറിനെ സന്ദർശിച്ച ശേഷം ഭണ്ഡാര്‍ക്കര്‍ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ലതാ മങ്കേഷ്‌കറിന്‍റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദിയും ദേശീയ അവാർഡ് ജേതാവായ സംവിധായകൻ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
നേരത്തെ, മഹാരാഷ്ട്രാ നവനിര്‍മാണ്‍സേന തലവന്‍ രാജ് താക്കറെ മങ്കേഷ്‌കറിനെ കണ്ട് ആരോഗ്യനില മെച്ചപ്പെടുന്നുവെന്നും നാലഞ്ചുദിവസത്തിനുള്ളിൽ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് സാധ്യമെന്നും അറിയിച്ചിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ട ഗായികക്ക് വാർധക്യസഹജമായ അസുഖമാണ് ഉണ്ടായിരുന്നതെന്നും താരം ഉടൻ സുഖം പ്രാപിക്കുമെന്നും താക്കറെ പറഞ്ഞു. പ്രശസ്‌ത പിന്നണി ഗായികയും സംഗീത സംവിധായികയുമായ ലതാ മങ്കേഷ്‌കറിനെ ഇക്കഴിഞ്ഞ സെപ്തംബര്‍ 28നായിരുന്നു ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍റി ആശുപത്രിയിൽ ചികിത്സയിലാണ് താരം. 1942മുതൽ ഇന്ത്യൻ സിനിമയിൽ എവർഗ്രീൻഹിറ്റ് ഗാനങ്ങളുടെ ശബ്‌ദമായി മാറിയ ലതാ മങ്കേഷ്‌കർ ഭാരത് രത്‌ന, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ അവാർഡുകളും നേടിയിട്ടുണ്ട്.