ഇരുപത്തിയാറാമത് കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് തുടക്കമായി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മേള ഉദ്ഘാടനം ചെയ്‌തു. നടന്‍ ഷാരൂഖ് ഖാന്‍, സംവിധായകന്‍ അനുഭവ് സിന്‍ഹ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വെര്‍ച്വലായാണ് മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ഷാരൂഖ് ഖാന്‍ ഭാഗമായത്. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന മേള വിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയ്‌ക്കും കൊവിഡ് ബാധിച്ച് മരിച്ച ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ആരംഭിച്ചത്.
നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സ്ഥലങ്ങളിലാണ് സിനിമകളുടെ പ്രദര്‍ശനം നടക്കുന്നത്. നന്ദന്‍, രബീന്ദ്ര സദന്‍, സിസിര്‍ മന്‍ച, കൊല്‍ക്കത്ത ഇന്‍ഫോര്‍മേഷന്‍ സെന്‍റര്‍ എന്നിവയാണ് പ്രധാന പ്രദര്‍ശന വേദികള്‍. ഈ വർഷം 1170 എന്‍ട്രികളാണ് ഉണ്ടായിരുന്ന്. ഇതില്‍ 132 ഫീച്ചർ സിനിമകൾ, ഡോക്യുമെന്‍ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉള്‍പ്പെടുന്നു. 45 രാജ്യങ്ങളില്‍ നിന്നായി 81 ഫീച്ചർ സിനിമകളും 50 ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്‍ററികളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1995ലാണ് മേളയുടെ ആദ്യ പതിപ്പ് സംഘടിപ്പിച്ചത്.