മുംബൈ: ബാന്ദ്രക്ക് പുറമെ, മുംബൈ ഖർ വെസ്റ്റിൽ അനധികൃതമായി കെട്ടിടം നിർമിച്ചിതിനെതിരെ ബിഎംസി അയച്ച നോട്ടീസിന് കോടതിയെ സമീപച്ച കങ്കണക്ക് തിരിച്ചടി. നിയമവിരുദ്ധമായി ഖർ വെസ്റ്റിലെ ഓർക്കിഡ് ബ്രിഡ്‌ജ് കെട്ടിടത്തിൽ മൂന്ന് ഫ്ലാറ്റുകൾ നിർമിച്ചതിനെതിരെ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ബോളിവുഡ് നടിക്ക് നോട്ടീസ് നൽകിയിരുന്നു. ബിഎംസിയുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിൻഡോഷി കോടതിയിൽ നടി ഹർജി നൽകിയിരുന്നു. എന്നാൽ, കങ്കണയുടെ ഹർജി കോടതി തള്ളി.
കങ്കണക്ക് കേസിൽ ആറു മാസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്നും അതിൽ പരാജയപ്പെട്ടാൽ, അനധികൃത നിർമാണത്തിനെതിരെ ബിഎംസിക്ക് നടപടിയെടുക്കാമെന്നും കോടതി അറിയിച്ചു. നേരത്തെ ബാന്ദ്രയിലെ ഖർ വെസ്റ്റിൽ ഓഫിസ് കെട്ടിടത്തില്‍ അനുമതിയില്ലാതെ മാറ്റങ്ങള്‍ വരുത്തിയതിന് ബിഎംസി കങ്കണ റണൗട്ടിന്‍റെ കെട്ടിടം പൊളിച്ചിരുന്നു. ഇവിടത്തെ ഓഫിസ് കെട്ടിടം കൂടാതെ കങ്കണ താമസിക്കുന്ന കെട്ടിടമുൾപ്പെടെ മൂന്ന് ഫ്ലാറ്റുകൾ നടി അനധികൃതമായി നിർമിച്ചുവെന്നാണ് മുംബൈ കോർപ്പറേഷന്‍റെ കണ്ടെത്തൽ.