നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങിന്‍റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. ബലാത്സംഗം ചെയ്യുന്നവരോട് സഹതാപം കാണിക്കുന്ന ഇന്ദിര ജെയ്‌സിങിനെപ്പോലുള്ള സ്ത്രീകളാണ് രാക്ഷസന്മാരെ വളര്‍ത്തുന്നതെന്നും ഇന്ദിരയെ നാല് ദിവസം ആ പ്രതികള്‍ക്കൊപ്പം ജയിലില്‍ അടക്കണമെന്നും അവര്‍ അത് അര്‍ഹിക്കുന്നതായും കങ്കണ പറഞ്ഞു. തന്‍റെ പുതിയ ചിത്രം പംഗയുടെ പ്രമോഷന്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇന്ദിര ജെയ്‌സിങിനെ കങ്കണ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
'ആ സ്ത്രീയെ നാല് ദിവസത്തേക്ക് ആ പ്രതികള്‍ക്കൊപ്പം ജയിലില്‍ അടക്കണം, അവര്‍ അത് അര്‍ഹിക്കുന്നു. ബലാത്സംഗം ചെയ്‌തവരോട് സഹതാപം കാണിക്കുന്ന ഇവര്‍ ഏത് തരം സ്ത്രീയാണ്? ഇത്തരം സ്ത്രീകളാണ് രാക്ഷസന്മാര്‍ക്ക് ജന്മം നല്‍കുന്നത്. ഭാവിയില്‍ ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാന്‍ ഈ പ്രതികളെ പരസ്യമായി തൂക്കിലേറ്റണം. ഈ പ്രതികളെ നിശബ്ദമായാണ് തൂക്കിലേറ്റേണ്ടതെന്ന് ഞാന്‍ വിചാരിക്കുന്നില്ല. നിങ്ങള്‍ക്ക് ഒരു മാതൃകയാകാന്‍ കഴിയുന്നില്ലെങ്കില്‍ വധശിക്ഷയുടെ അര്‍ഥമെന്താണ്? ഇവരെ പരസ്യമായി തൂക്കിക്കൊല്ലണം' കങ്കണ പറഞ്ഞു.
രാജിവ് ഗാന്ധി വധക്കേസില്‍ നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്നാണ് ഇന്ദിരാ ജെയ്‌സിങ് നിര്‍ഭയയുടെ അമ്മ ആശാ ദേവിയോട് പറഞ്ഞത്. ഇതിന് മറുപടിയുമായി നിര്‍ഭയയുടെ അമ്മ ആശാ ദേവിയും രംഗത്തെത്തിയിരുന്നു. അത്തരമൊരു നിര്‍ദേശം എന്റെ മുന്നില്‍ വെക്കാന്‍ ഇന്ദിരാ ജെയ്‌സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇന്ദിരാ ജെയ്‌സിങിനെ പോലുള്ള ആളുകള്‍ കാരണം ബലാത്സംഗത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാകുന്നില്ലെന്നും ആശാദേവി പറഞ്ഞിരുന്നു.