മുംബൈ: 'ദിദ്ദ: ദ വാരിയർ ക്യൂൻ ഓഫ് കശ്മീർ' പുസ്‌തകത്തിന്‍റെ ആശയം അനുമതി കൂടാതെ സിനിമക്കായി ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി കങ്കണ റണൗട്ടിനും ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്കുമെതിരെ എഴുത്തുകാരൻ ആശിഷ് കൗൾ പരാതി നൽകിയിരുന്നു. എന്നാൽ, വിഷയത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഇതുവരെ വ്യക്തത നൽകാത്തതിനാൽ കേസിലെ പുരോഗതിയെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് ആശിഷ് കൗളിന്‍റെ അഭിഭാഷകൻ മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനിലേക്ക് നോട്ടീസ് അയച്ചു.
മാർച്ച് 12നാണ് കങ്കണക്കും സഹോദരി രംഗോലി ചന്ദേൽ, കമൽ കുമാർ ജെയിൻ, അക്ഷത് റണൗട്ട് എന്നിവർക്കുമെതിരെ പരാതി നൽകിയത്. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും കേസിലെ പുതിയ വിവരങ്ങൾ പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇതേ തുടർന്നാണ് കേസിലെ പുരോഗതി വ്യക്തമാക്കാൻ ആവശ്യപ്പെട്ട് എഴുത്തുകാരൻ നിയമപരമായി നീങ്ങിയത്.
പത്താം നൂറ്റാണ്ടിന്‍റെ അവസാനകാലത്ത് കശ്മീർ ഭരിച്ചിരുന്ന രാജ്ഞി ദിദ്ദയെ ആസ്പദമാക്കി പുതിയ ചിത്രമൊരുക്കുമെന്ന് കങ്കണയും നിർമാതാവ് കമൽ ജെയിനും അറിയിച്ചിരുന്നു. എന്നാൽ, തന്‍റെ പുസ്‌തകത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തിനായി പകർപ്പവകാശം നേടിയിട്ടില്ലെന്നാണ് ആശിഷ് കൗൾ ചൂണ്ടിക്കാട്ടിയത്. മണികർണിക റിട്ടേൺസ്: ദി ലെജൻഡ് ഓഫ് ദിദ്ദ എന്ന ടൈറ്റിലിലാണ് സിനിമ പ്രഖ്യാപിച്ചത്. ദിദ്ദ രാജകുമാരിയുടെ പിൻതലമുറയിൽപ്പെട്ട കൗൾ ദിദ്ദയെപ്പറ്റി നിലവിൽ ലഭ്യമായ ഏക പുസ്തകവും തന്‍റേതാണ് അവകാശപ്പെടുന്നു.