മുംബൈ: ഏഷ്യയിലെ ആദ്യ വനിതാ ടാക്‌സി സർവീസായ 'ഹേ ഡീഡി'യുടെ സ്ഥാപക രേവതി റോയിയുടെ ജീവചരിത്രം സിനിമയാകുന്നു. ബോളിവുഡ് ഹീറോ ജോൺ എബ്രഹാം സഹനിർമാതാവാകുന്ന ബയോപിക് ചിത്രം സംവിധാനം ചെയ്യുന്നത് റോബി ഗ്രേവല്‍ ആണ്. ജോൺ എബ്രഹാമിന്‍റെ ജെഎ എന്‍റടെയ്‌ന്‍മെന്‍റും വൈക എന്‍റടെയ്‌ന്‍റ്‌മെന്‍റും റെഡ് ഐസ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്‌സ് പക്ഷിയെ പോലെയുള്ള ധീര വനിതയാണ് രേവതി റോയ്. സാധാരണക്കാരായ സ്‌ത്രീകൾക്ക് വേണ്ടി നിരന്തരം പ്രവർത്തിക്കുന്ന അവരുടെ ഊർജതയേറിയ ജീവിതം സിനിമയാക്കുമ്പോൾ അതിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ജോൺ എബ്രഹാം പറഞ്ഞു.
ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ജോൺ, റോബി, അനിൽ എന്നിവർക്ക് നന്ദി അറിയിച്ചു കൊണ്ട് രേവതി റോയ് തന്‍റെ സന്തോഷം പങ്കുവെച്ചു. ഇത് തന്‍റെ മാത്രം കഥയല്ലെന്നും ലഭിക്കുന്ന അവസരങ്ങൾ പാഴാക്കാത്ത ഓരോ സ്‌ത്രീകളുടെയും കൂടി ജീവിതമാണെന്നും അവർ വ്യക്തമാക്കി. ദാരിദ്ര്യ രേഖക്ക് താഴെയുള്ള സ്‌ത്രീകളെ മാത്രമാണ് തന്‍റെ സംരഭത്തിലേക്ക് പരിഗണിക്കുന്നതെന്ന് അറിയിച്ച രേവതി റോയ് 2019ലെ ഫോർച്യൂൺ ഇന്ത്യയുടെ ഏറ്റവും ശക്തരായ വനിതകളിലൊരാളാണ്. ചിത്രത്തിന്‍റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.