മുംബൈ: പരാജയത്തെ ഭയമില്ലായെന്നതാണ് തന്‍റെ ഏറ്റവും വലിയ നേട്ടമെന്ന് നടൻ ജോൺ എബ്രഹാം. "ഞാൻ ഒരു മധ്യവർഗ കുടുംബത്തിൽ നിന്നാണ് വരുന്നത്. ഇന്നും ഞാൻ ആ മൂല്യങ്ങളെ പിന്തുടരുന്നുമുണ്ട്. എന്‍റെ ഏറ്റവും വലിയ നേട്ടം ഞാൻ പരാജയത്തെ ഭയപ്പെടുന്നില്ല എന്നതാണ്. അതിനെ ഭയപ്പെടാത്തിടത്തോളം എനിക്ക് എന്തും ചെയ്യാൻ സാധിക്കും. വിജയവും പരാജയവും ഒരേ അളവിൽ അനുഭവിച്ചിട്ടുണ്ട്. അതിനാൽ, പരാജയം എന്നെ ഒരിക്കലും ബാധിക്കില്ല,”ബോളിവുഡ് താരം ജോൺ എബ്രഹാം പറഞ്ഞു. തന്‍റെ പരിശീലകൻ വിനോദ് ചന്നക്കൊപ്പം സീ കഫേയിൽ 'നോട് ജസ്റ്റ് സൂപ്പർ സ്റ്റാർസ്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ സുകുവിനൊപ്പം ഒരു തമിഴ് സിനിമ കാണാൻ പോയി. കാക്ക കാക്ക എന്ന ആ സിനിമ കണ്ടതിനു ശേഷം അദ്ദേഹത്തിന്‍റെ നിർദേശത്തിലാണ് താൻ അത് ഫോഴ്‌സ് എന്ന ചിത്രമായി റീമേക്ക് ചെയ്‌തത്. ലളിതമായ ജീവിതം ഇഷ്‌ടപ്പെടുന്ന ആളാണ് താനെന്നും അതിനാൽ തന്നെ മറ്റുള്ളവർക്കായി സമയം ചെലവഴിക്കുന്നതിൽ തൽപരനാണെന്നും ജോൺ എബ്രഹാം പറഞ്ഞു. കൂടാതെ, താനൊരു വർക്കഹോളിക്കാണെന്നും ജോൺ കൂട്ടിച്ചേർത്തു. അവധിക്കാല പരിപാടിയെക്കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞത് കഴിഞ്ഞ പതിനെട്ട് വർഷത്തിൽ വെറും അഞ്ച് ദിവസങ്ങൾ മാത്രമാണ് താൻ അവധി എടുത്തതെന്നായിരുന്നു.