ബോളിവുഡിലും ഹോളിവുഡിലും നിറഞ്ഞ് നിന്ന ഇന്ത്യൻ സിനിമയുടെ പ്രതീകമായിരുന്നു നടൻ ഇർഫാൻ ഖാൻ. ഏപ്രിലില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ സിനിമകളെ സ്നേഹിച്ചിരുന്നവരെല്ലാം കണ്ണുനീര്‍ പൊഴിച്ചു. ദി ലഞ്ച് ബോക്സ്, പാൻ സിംഗ് തോമർ, തല്‍വാർ, ഹിന്ദി മീഡിയം, ഫേവറേറ്റ്, ദ ഡേ, മുംബൈ മേരി ജാൻ, ലൈഫ് ഇൻ എ മെട്രോ, പീകു, ഖരീബ് ഖരീബ് സിംഗിൾ തുടങ്ങിയവയാണ് ഇര്‍ഫാന്‍റെ ശ്രദ്ധേയമായ ചിത്രങ്ങൾ. സ്ലം ഡോഗ് മില്യണയർ, അമൈസിങ് സ്‌പൈഡർമാൻ, ദ നെയിം സേക്ക്, ന്യൂയോർക്ക് ഐ ലവ്യൂ, ജുറാസിക് വേൾഡ്, ഇൻഫേർനോ, ലൈഫ് ഓഫ് പൈ എന്നീ ഹോളിവുഡ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. പാൻ സിംഗ് തോമർ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
അനായാസമായി റോളുകള്‍ കൈകാര്യം ചെയ്യുന്ന പ്രതിഭയെയാണ് ലോക സിനിമക്ക് 2020ല്‍ നഷ്ടമായത്. അദ്ദേഹം അവസാനമായി അഭിനയിച്ച 'ദി സോങ് ഓഫ് സ്കോര്‍പിയന്‍സ്' 2021ല്‍ റിലീസിനെത്തുമെന്നാണ് ട്രെഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‌തത്. 'അഭിനയത്തിലെ മാന്ത്രികനെ അവസാനമായി ബിഗ് സ്ക്രീനില്‍ കാണാനുള്ള സുവര്‍ണാവസരം' എന്നാണ് സിനിമയുടെ ഫസ്റ്റ്ലുക്കിന്‍റെ മോഷന്‍ പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. അനുപ് സിങാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. പനോരമ സ്പോട് ലൈറ്റും 70 എംഎം ടാക്കീസും ചേര്‍ന്നാണ് സിനിമ അവതരിപ്പിക്കുന്നത്. ഇറാനിയൻ നടൻ ഗോൾഷിഫ്തേ, മുതിർന്ന ബോളിവുഡ് അഭിനേതാവ് വഹീദ റഹ്മാൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
2017ൽ സ്വിറ്റ്‌സർലൻഡിൽ നടന്ന 70-ാമത് ലോക്കർനോ ഫിലിം ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിൽ ഇർഫാൻ ഒട്ടക വ്യാപാരിയായണ് വേഷമിട്ടിരിക്കുന്നത്. ഈ വർഷം ആദ്യം അദ്ദേഹത്തിന്‍റെ മകൻ ബാബിൽ സിനിമയില്‍ നിന്നുള്ള ഇര്‍ഫാന്‍റെ ഒരു ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.