ന്യൂഡൽഹി: ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്‍റെയും അഭിഷേക് ബച്ചന്‍റെയും മകൾ ആരാധ്യാ ബച്ചന്‍റെ ഒമ്പതാം ജന്മദിനത്തിൽ ഐശ്വര്യ പങ്കുവെച്ചത് വൈകാരികമായ കുറിപ്പാണ്. ഭർത്താവ് അഭിഷേകിനും മകൾക്കുമൊപ്പം പിറന്നാൾ രാത്രിയെടുത്ത ഒരു ചിത്രത്തിനൊപ്പമാണ് ബോളിവുഡ് നടി പിറന്നാൾ ആശംസ പോസ്റ്റ് ചെയ്‌തത്.
"എന്‍റെ ജീവിതത്തിന്‍റെ പരിപൂർണ സ്നേഹത്തിന്, എന്‍റെ പ്രിയപ്പെട്ട മാലാഖ ആരാധ്യയ്ക്ക്, സന്തോഷകരമായ ഒമ്പതാം ജന്മദിനാശംസ നേരുന്നു. ഞാൻ നിന്നെ എന്നും അനന്തമായി, ഉപാധികളില്ലാതെ സ്നേഹിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിനക്കായി ഞാൻ ശ്വസിക്കുന്ന ഓരോ ശ്വാസത്തിനും ദൈവത്തോട് ഞാൻ നന്ദി പറയുന്നു. സ്നേഹം, സ്നേഹം.. ഞാൻ നിന്നെ സ്നേഹിക്കുന്നു," എന്നാണ് ഐശ്വര്യ റായ് ബച്ചൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. സിനിമാ ലൊക്കേഷനുകളിലും പരസ്യ ചിത്രീകരണത്തിനുമിടയിൽ താരസുന്ദരി മകൾ ആരാധ്യയുമായെത്തുന്നത് എപ്പോഴും വാർത്തകളാകാറുണ്ട്. കരിയറിനേക്കാൾ മകൾക്ക് സ്ഥാനം നൽകുന്ന ഐശ്വര്യയെയും ആരാധകർക്ക് പരിചിതമാണ്.
നേരത്തെ അഭിഷേക് ബച്ചനും ആരാധ്യയുടെ മുത്തച്ഛനും സൂപ്പർതാരവുമായ അമിതാഭ് ബച്ചനും ആരാധ്യക്ക് ജന്മദിനാശംസകൾ അറിയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.