മുംബൈ: ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സുരക്ഷിതത്വത്തെ കുറിച്ച് വിശദീകരിച്ച് യൂണിസെഫ് സെലിബ്രിറ്റി അഭിഭാഷകനായി തെരഞ്ഞെടുക്കപ്പെട്ട നടൻ ആയുഷ്‌മാൻ ഖുറാന. കുട്ടികൾ സുരക്ഷിതമായ അന്തരീക്ഷത്തിൽ വളരുന്നതിനെ കുറിച്ചും അവരുടെ അവകാശത്തെക്കുറിച്ചും ഖുറാന സംസാരിച്ചു. യൂണിസെഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ യൂണിസെഫ് കൂടുതൽ ശക്തമാക്കുമെന്നും താരം പറഞ്ഞു.
"അക്രമങ്ങൾ തടയണം. രക്ഷകർത്താക്കൾ, അധ്യാപകർ, സമൂഹം, സുരക്ഷാ പ്രവർത്തനങ്ങൾ നിർവഹിക്കേണ്ടവർ എന്നീ നിലയിൽ നമുക്കെല്ലാവർക്കും ഒരു പങ്കുണ്ട്. നമ്മൾ അവരിലേക്കെത്തി, അവർ അഭിമുഖീകരിക്കുന്ന ആക്രമങ്ങളെ കുറിച്ച് തുറന്നു പറയാൻ അവർക്ക് കഴിയുമെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. അവരെ സഹായിക്കാനായി രക്ഷകർത്താക്കളും ചൈൽഡ് ലൈൻ 1098ഉം ഉണ്ടെന്ന് അവർ അറിയണം. സ്വയം എങ്ങനെ പരിരക്ഷിക്കാമെന്ന് മനസിലാക്കാൻ കുട്ടികളെ സഹായിക്കണം." ആയുഷ്മാൻ ഖുറാന പറഞ്ഞു.
വീട്ടിലും സ്കൂളുകളിലും കളിസ്ഥലങ്ങളിലും കൂടാതെ, ഏറ്റവും വിശ്വാസമുള്ള ആളുകളിൽ നിന്നും അക്രമം നടന്നാൽ മാതാപിതാക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടേണ്ടത് പ്രധാനമാണെന്ന് താരം ഓർമിപ്പിച്ചു. യൂണിസെഫ് പ്രതിനിധിയെന്ന നിലയിൽ, താൻ കഴിയുന്ന രീതിയിൽ മികച്ച പ്രവർത്തനം കാഴ്‌ചവക്കുമെന്നും ഈ പദവിയിലൂടെ പരമാവധി ആളുകളിൽ എത്തിച്ചേരാമെന്ന് പ്രതീക്ഷിക്കുന്നതായും ആയുഷ്മാൻ ഖുറാന വ്യക്തമാക്കി. ഇന്നാണ് ലോക മനുഷ്യാവകാശ ദിനം.