ബോളിവുഡ് യുവനടി ജാന്‍വി കപൂര്‍ ടൈറ്റില്‍ റോളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ഗുഞ്ചന്‍ സക്സേന; ദി കാര്‍ഗില്‍ ഗേളിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റും, കാര്‍ഗില്‍ പോരാട്ടത്തിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ എയര്‍ഫോഴ്‌സ് പൈലറ്റുമായ ഗുഞ്ചന്‍ സക്‌സേനയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രെയിലര്‍ റിലീസ് ചെയ്ത് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ രണ്ട് ലക്ഷത്തിലധികം ആളുകള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. ഗുഞ്ചന്‍ സക്സേനയായി മറ്റൊരു നടിയെ പരീക്ഷിക്കാമായിരുന്നെന്നും, ഈ കഥാപാത്രം ജാന്‍വിക്ക് വലിയ ഭാരം നല്‍കിയിട്ടുണ്ടെന്നും, പ്രകടനം വളരെ ദയനീയമാണെന്നുമാണ് ട്രെയിലര്‍ കണ്ടവര്‍ യുട്യൂബില്‍ കുറിച്ചത്. ചിലര്‍ ബോളിവുഡിലെ സ്വജനപക്ഷപാതത്തിന് ഉദാഹരണമാണ് ഈ ചിത്രമെന്നും കമന്‍റ് ചെയ്തിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
നവാഗതനായ ശരണ്‍ ശര്‍മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാര്‍ച്ചില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം നടത്താനായിരുന്നു അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരി മൂലം റിലീസ് നീട്ടുകയും പിന്നീട് ചിത്രം നേരിട്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. ചിത്രം ഓഗസ്റ്റ് 12ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. പങ്കജ് ത്രിപാഠി, അംഗദ് ബേഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിഖില്‍ മല്‍ഹോത്ര, ശരണ്‍ ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രചിത അറോറയാണ് സംഗീതം. ധര്‍മ്മ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കരണ്‍ ജോഹറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.