തമിഴകത്ത് കാമ്പുള്ള സിനിമകള്‍ സംവിധാനം ചെയ്ത് മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടംപിടിച്ച സംവിധായകനാണ് വെട്രിമാരന്‍. വിരലിലെണ്ണാവുന്ന സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും എല്ലാം പ്രേക്ഷക ഹൃദയം കീഴടക്കിയവയാണ്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ അസുരനും ഹിറ്റായിരുന്നു. വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടിലാണ് ഹിറ്റുകള്‍ മിക്കതും പിറന്നിട്ടുള്ളത്. അസുരന്‍ നൂറ് കോടി ക്ലബ്ബില്‍ ഇടംനേടിയിട്ടുണ്ട്. ഇപ്പോള്‍ ഒരു സിനിമ ചെയ്യാന്‍ താനെടുക്കുന്ന സമയത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വെട്രിമാരന്‍. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദംഗല്‍, ചിച്ചോരേ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ നിതേഷ് തിവാരിയുമായുള്ള സംഭാഷണത്തിനിടെയാണ് വെട്രിമാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഒരു സിനിമയെടുക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷം വേണം. കഥയുടെ ലോകത്ത് ജീവിക്കാനാണ് ആ സമയം. 'വിസാരണ' ചലച്ചിത്ര മേളകളിലേക്ക് അയക്കുന്നതിനായി എടുത്ത ചിത്രമാണ്. ആദ്യം അത് തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ മടിച്ചിരുന്നു. വെനീസ് മേളയില്‍ പ്രദര്‍ശനത്തിന് ശേഷം വിസാരണയുടെ കഥാകൃത്ത് ചന്ദ്രകുമാറിനെ പ്രേക്ഷകര്‍ വാരിപ്പുണര്‍ന്നതാണ് ചിത്രം റിലീസ് ചെയ്യാന്‍ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.