മൂന്ന് ദിവസംകൊണ്ട് അഞ്ച് ലക്ഷത്തിലധികം കാഴ്ചക്കാര്‍. ബലാത്സംഗ കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച പ്രിയങ്ക ബാനര്‍ജിയുടെ ഹ്രസ്വചിത്രം ദേവി ശ്രദ്ധനേടുകയാണ്. കജോള്‍, ശ്രുതി ഹാസന്‍, നേഹ ധൂപിയ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജാതി- മത -പ്രായഭേദമന്യേ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്ത്രീകളുടെ ജീവിതമാണ് ചിത്രത്തില്‍ വരച്ചുകാട്ടുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഒരു കൂട്ടം സ്ത്രീകള്‍ ഒത്തുകൂടിയ ഒരു മുറിയില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെയാണ് ചിത്രം പുരേഗമിക്കുന്നത്. അതില്‍ പുടവ ചുറ്റിയവരുണ്ട്, ബുര്‍ഖ ധരിച്ചവളുണ്ട്, വാര്‍ധക്യത്തിലെത്തിയവരുണ്ട്, ഭര്‍തൃമതികളുണ്ട്. ഇവര്‍ ഒന്നിച്ച് ഒരിടത്ത് താമസിക്കുന്നവരാണെന്ന് പ്രേക്ഷകര്‍ ചിന്തിച്ച് തുടങ്ങുന്നിടത്താണ് അവര്‍ മരിച്ച് പോയവരാണെന്ന് ഞെട്ടലോടെ തിരിച്ചറിയപ്പെടുന്നത്. അതും ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടവര്‍. ആ കൂട്ടത്തിലേക്ക് പുതിയ അന്തേവാസി വരുമ്പോള്‍ എവിടെ താമസിപ്പിക്കും എന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ വന്ന അതിഥിയെ കണ്ട് ബാക്കിയുള്ളവര്‍ സ്തബ്ധരാകുന്നതോടൊപ്പം പ്രേക്ഷകനിലും ഞെട്ടല്‍ ഉളവാകുന്നു.
80 ശതമാനത്തിലധികം ആളുകള്‍ സ്ത്രീദൈവങ്ങളെ ആരാധിക്കുന്ന ഇന്ത്യാരാജ്യത്ത് പ്രതിദിനം തൊണ്ണൂറിലധികം ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന വസ്തുതയിലേക്ക് വിരല്‍ചൂണ്ടിയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്. മികച്ച അഭിപ്രായമാണ് ഹ്രസ്വചിത്രത്തിന് ലഭിക്കുന്നത്.