മുംബൈ: ഏപ്രിൽ 30ൽ ആ വിയോഗ വാർത്ത കേട്ട് ബോളിവുഡ് സ്‌തംഭിച്ചു. അഭിനേതാവായും നിർമാതാവായും സംവിധായകനുമായ ഋഷി കപൂർ വിടവാങ്ങി. ഇനിയും അവിസ്‌മരണീയമാക്കാനുള്ള ഒരുപാട് ചിത്രങ്ങൾ ബാക്കിവച്ച് അദ്ദേഹം വിട പറഞ്ഞപ്പോൾ, യുവത്വം ഹരമാക്കിയ നടന്‍റെ സ്ഥാനത്തിന് പകരക്കാരനില്ല.
കൊവിഡിന് മുൻപ് പ്രഖ്യാപിച്ച ഹോളിവുഡ് സിനിമയുടെ ഹിന്ദി റീമേക്ക് 'ദി ഇന്‍റേണി'ൽ ദീപിക പദുകോണിനൊപ്പം ഋഷി കപൂറിനെയായിരുന്നു മുഖ്യവേഷം ചെയ്യാൻ തീരുമാനിച്ചിരുന്നത്. സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബോളിവുഡ് താരറാണിയും തൊണ്ണൂറുകളിലെ രാജകുമാരനും തിരശ്ശീലയിൽ ഒന്നിക്കുന്ന വാർത്ത ഓണ്‍ലൈനിലും തരംഗമായിരുന്നു. എന്നാൽ, ഈ വർഷം ഏപ്രിലിൽ ചിത്രീകരണം തുടങ്ങാൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നെങ്കിലും ഋഷി കപൂറിന്‍റെ അനാരോഗ്യത്തെ തുടർന്ന് ഷൂട്ടിങ് നടക്കാതെ വന്നു.
എന്നാൽ, ഒരു വർഷമായി മുടങ്ങിക്കിടക്കുന്ന ഹിന്ദി ചിത്രം വീണ്ടും നിർമാണത്തിനൊരുങ്ങുമ്പോൾ ഋഷി കപൂറിന് ആര് പകരക്കാരനാകുമെന്നാണ് അണിയറപ്രവർത്തകർ അന്വേഷിക്കുന്നത്. 2015ൽ റിലീസ് ചെയ്‌ത ദി ഇന്‍റേൺ എന്ന ചിത്രത്തിൽ റോബർട്ട് ഡി നിരോ ചെയ്‌ത വേഷമാണ് ഋഷി കപൂർ അവതരിപ്പിക്കേണ്ടിയിരുന്നത്. നടന്‍റെ മരണവും കൊവിഡിൽ സിനിമാ മേഖല നിശ്ചലമാവുകയും ചെയ്‌ത സാഹചര്യത്തിൽ ചിത്രീകരണം വൈകിയെങ്കിലും അടുത്ത വർഷം മെയ് മാസം ഷൂട്ടിങ് തുടങ്ങാനാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. സുനിര്‍ ഖേതര്‍പാലും ദീപിക പദുകോണും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇതിന് മുൻപ് ദീപികയും ഋഷി കപൂറും ഒരുമിച്ച് അഭിനയിച്ചത് 2009ൽ ലവ് ആജ് കൽ എന്ന ചിത്രത്തിലാണ്.