മുംബൈ: മയക്കു മരുന്ന് കേസില്‍ ഹാസ്യതാരം ഭാരതി സിംഗിന്‍റെ ഭർത്താവും അവതാരകനുമായ ഹര്‍ഷ് ലിംബാച്ചിയും അറസ്റ്റിൽ. ഇന്ന് രാവിലെയാണ് ഹർഷ് ലിംബാച്ചിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടിയുടെ വീട്ടില്‍ എന്‍സിബി റെയ്‌ഡ് നടത്തുകയും 86.5 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്‌തിരുന്നു. തുടർന്ന്, നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഭാരതിയെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഹർഷിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചെങ്കിലും ഇന്ന് പുലർച്ചെയാണ് പൂർത്തിയായത്. തുടർന്ന്, എൻഡിപിഎസ് ആക്‌ട് 1986 പ്രകാരം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരും കുറ്റസമ്മതം നടത്തിയതായി അന്വേഷണ സംഘം അറിയിച്ചു. നേരത്തെ അര്‍ജുന്‍ രാംപാല്‍, ഫിറോസ് നദിയവാലാ എന്നീ ബോളിവുഡ് പ്രമുഖരുടെ വീടുകളിലും എന്‍സിബി പരിശോധന നടത്തിയിരുന്നു. അന്തരിച്ച നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ലഹരിമരുന്ന് കേസിൽ ഇരുപതോളം ബോളിവുഡ് താരങ്ങളാണ് ഇതുവരെ അറസ്റ്റിലായത്.