എറണാകുളം: പെരുമ്പാവൂർ സ്വദേശി നൽകിയ വഞ്ചനാ കേസുമായി ബന്ധപ്പെട്ടുള്ള ബോളിവുഡ് നടി സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സണ്ണി ലിയോണി സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നടപടി. എന്നാല്‍ മുൻകൂർ നോട്ടീസ് നൽകി ചോദ്യം ചെയ്യാം. അന്വേഷണവുമായി ക്രൈംബ്രാഞ്ചിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നടിയെ ചോദ്യം ചെയ്‌തിരുന്നു. ഇതേ തുടർന്നായിരുന്നു സണ്ണി ലിയോണി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. തനിക്കെതിരായ വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു സണ്ണി ലിയോണിയുടെ വാദം.
പെരുമ്പാവൂര്‍ സ്വദേശിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഷിയാസിന്‍റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് സണ്ണി ലിയോണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. കൊച്ചിയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ച് പലതവണയായി 29 ലക്ഷം രൂപ കൈപ്പറ്റുകയും പിന്നീട് പ്രോഗ്രാമില്‍ പങ്കെടുക്കാതെ വഞ്ചിച്ചെന്നുമാണ് പരാതി. സംഘാടകരുടെ വീഴ്ചയെത്തുടര്‍ന്നാണ് പരിപാടി നടക്കാതിരുന്നതെന്ന് സണ്ണി ലിയോണി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.
സംഘാടകര്‍ നിരവധി തവണ പ്രോഗ്രാം മാറ്റിവെച്ചു. പിന്നീട് ബഹറിനില്‍ പ്രോഗ്രാം നടത്താമെന്ന് അറിയിച്ചെങ്കിലും അതും നടന്നില്ല. 2019ലെ പ്രണയ ദിനത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും കരാര്‍ പ്രകാരം തനിക്ക് തരേണ്ട തുക മുഴുവനായി നല്‍കാന്‍ സംഘാടകര്‍ തയ്യാറായില്ലെന്നും ഇതാണ് പ്രോഗ്രാം നടക്കാതിരിക്കാന്‍ കാരണമെന്നും അതിനാല്‍ തനിക്കെതിരെ ചുമത്തിയ വഞ്ചനാക്കുറ്റം നില നില്‍ക്കില്ലെന്നും ജാമ്യാപേക്ഷയില്‍ നടി വ്യക്തമാക്കി.