ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെയും നടി തപ്‌സി പന്നുവിന്‍റെയും സംവിധായകന്‍ വികാസ് ബാലിന്‍റെയും വീടുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്‌ഡ് നടത്തിയെന്ന് റിപ്പോര്‍ട്ട്. മൂവരുടെയും മുംബൈയിലെ വീടുകളിലാണ് റെയ്‌ഡ് നടത്തിയത്. അനുരാഗ് കശ്യപിന്‍റെ നിര്‍മാണ കമ്പനിയായ ഫാന്‍റം ഫിലിംസിന്‍റെ ഓഫീസ് ഉള്‍പ്പെടെ മുംബൈയിലും പൂനെയിലുമുള്ള ഇടങ്ങളിലാണ് ഒരേ സമയം റെയ്‌ഡ് നടന്നത്. റെയ്‌ഡുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കേന്ദ്ര സര്‍ക്കാരിന്‍റെ പല നയങ്ങള്‍ക്കെതിരെയും കര്‍ഷക സമരത്തെ അനുകൂലിച്ചും അനുരാഗ് കശ്യപും തപ്‌സി പന്നുവും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തെയും പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന അക്രമത്തെയും അനുരാഗ് കശ്യപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിരവധി സാമൂഹ്യ വിഷയങ്ങളില്‍ തപ്‌സി പന്നുവും പ്രതികരണവുമായി എത്തിയിട്ടുണ്ട്.