സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണശേഷം ഇന്ത്യന്‍ സിനിമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നടിമാരും നടന്മാരും അടക്കം നിരവധിപേര്‍ സ്വജനപക്ഷപാതത്തെ കുറിച്ചും സിനിമാ മേഖലയിലെ മറ്റ് നെറികെട്ട പ്രവൃത്തികളെ കുറിച്ചും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നടിയും മോഡലുമായ രവീണ ടെണ്ടന്‍ ബോളിവുഡിലെ പുരുഷ മേധാവിത്വത്തെ കുറിച്ച് തുറന്ന് പറച്ചില്‍ നടത്തിയിരിക്കുകയാണ്. സിനിമയില്‍ ഗോഡ്‌ഫാദറില്ലെന്നും നായകന്‍മാര്‍ക്കൊപ്പം കിടന്നുകൊടുക്കാന്‍ വിസമ്മതിച്ചതിനാലും പ്രണയബന്ധം ഉണ്ടാക്കാത്തതിനാലും തന്നെ അഹങ്കാരിയെന്ന് ചിലര്‍ മുദ്രകുത്തിയെന്നും രവീണ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'സിനിമയില്‍ ഗോഡ്‌ഫാദറില്ലായിരുന്നു. ഒരു പ്രത്യേക ക്യാമ്പിലെ അംഗവുമല്ലായിരുന്നു. അതിനാല്‍ എന്നെ പ്രമോട്ട് ചെയ്യാന്‍ നായകന്‍മാരും ഇല്ലായിരുന്നു. അവസരങ്ങള്‍ക്ക് വേണ്ടി നായകന്‍മാര്‍ക്കൊപ്പം കിടന്ന് കൊടുക്കാനോ പ്രണയബന്ധങ്ങള്‍ ഉണ്ടാക്കാനോ ഞാന്‍ വിസമ്മതിച്ചിരുന്നു. അതോടെ ഞാന്‍ വലിയ അഹങ്കാരിയായി. നായകന്‍മാര്‍ ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കാനും ഇരിക്കാന്‍ പറയുമ്പോള്‍ മാത്രം ഇരിക്കാനും എനിക്ക് സാധിച്ചില്ല. നായകന്‍മാരാലും അവരുടെ കാമുകിമാരാലും ചിലര്‍ ഒഴിവാക്കപ്പെടും. കരിയര്‍ നശിപ്പിക്കാനായി നുണകള്‍ നിറഞ്ഞ വാര്‍ത്തകള്‍ അവര്‍ക്കെതിരെ നിരന്തരം നല്‍കും. ചിലര്‍ എല്ലാം അതിജീവിച്ച് മുന്നേറും മറ്റ് ചിലര്‍ക്ക് കഴിയില്ല. സത്യം തുറന്ന് പറയുമ്പോള്‍ പലപ്പോഴും നുണയാണെന്ന് മുദ്രകുത്തപ്പെടും. തകര്‍ക്കാനുള്ള ശ്രമങ്ങളും നടത്തും. എന്നാല്‍, താന്‍ പോരാടി കരിയര്‍ തിരിച്ചു പിടിക്കുകയായിരുന്നു' രവീണ പറഞ്ഞു.