ആമസോണ്‍ പ്രൈം സ്ട്രീം ചെയ്യുന്ന മിര്‍സാപൂര്‍ വെബ് സീരിസ് നിര്‍മാതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് വെള്ളിയാഴ്ച അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. നിര്‍മാതാക്കളായ റിതേഷ് സിദ്‌വാനി, ഫര്‍ഹാന്‍ അക്തര്‍ എന്നിവരുടെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. ജസ്റ്റിസുമാരായ മനോജ് കുമാർ ഗുപ്ത, സുഭാഷ് ചന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് അറസ്റ്റ് സ്റ്റേ ചെയ്‌ത് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തർപ്രദേശിലെ മിർസാപൂരിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് കോട്‌വാലി ദേഹാത് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഐപിസി 295എ, 504, 505, 34 വകുപ്പുകളിലെ മതവികാരത്തെ വ്രണപ്പെടുത്തല്‍, അധിക്ഷേപം തുടങ്ങിയവയാണ് കേസില്‍ മിര്‍സാപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ മനോജ് കുമാർ ഗുപ്ത, സുഭാഷ് ചന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് അറസ്റ്റ് സ്റ്റേ ചെയ്‌ത് ഉത്തരവ് പുറപ്പെടുവിച്ചത്. മിർസാപൂരിനെ മയക്കുമരുന്നിന്‍റെയും അധോലോകത്തിന്‍റെയും കേന്ദ്രമായി ഈ വെബ് സീരിസ് ചിത്രീകരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. അണിയറപ്രവർത്തകർക്ക് പുറമേ ആമസോൺ പ്രൈമിനോടും അധികാരികള്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ക്രൈം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന വെബ് സീരിസാണ് മിർസാപൂർ. കരൺ അനുഷ്മാൻ, ഗുർമീത് സിങ്, മിഹിർ ദേശായി എന്നിവരാണ് സംവിധായകർ. മിർസാപൂർ സീസൺ ആദ്യഭാഗം മികച്ച പ്രേക്ഷകപ്രീതി നേടിയതോടെയാണ് രണ്ടാംഭാഗവുമായി അണിയറപ്രവർത്തകരെത്തിയത്. പങ്കജ് ത്രിപാഠി, അലി ഫസൽ, ദിവ്യേന്ദു ശർമ, ശ്വേത ത്രിപാഠി ശർമ, രസിക ദുഗൽ, ഹർഷിത ഗൗർ, അമിത് സിയാൽ, അഞ്ജു ശർമ, ഷീബ ചദ്ദ, മനു റിഷി ചദ്ദ, രാജേഷ് തിലാങ് എന്നിവരാണ് സീസൺ 2ൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.