ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി സഹായങ്ങള്‍ രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നും എത്തുന്നുണ്ട്. രാജ്യത്തെ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇല്ലെങ്കിലും സഹായവുമായി എത്തിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. ലോസാഞ്ചലസിലുളള താരം അവിടെ നിന്നുകൊണ്ട് തന്നെ ഏകദേശം 22 കോടി രൂപയുടെ സഹായമാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ധന സമാഹരണത്തിലൂടെ കണ്ടെത്തിയ തുക ഉപയോഗിച്ച് 500 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 422 ഓക്‌സിജന്‍ സിലിണ്ടറുകളും 10 വാക്‌സിനേഷന്‍ സെന്‍ററുകള്‍ക്കായി പ്രവര്‍ത്തകരെ നിയോഗിക്കാനും പ്രിയങ്കക്കായി. രണ്ടുമാസത്തിനുള്ളില്‍ ആറായിരത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ എടുക്കുവാനുള്ള സഹായവും എത്തിക്കുമെന്ന് താരം അറിയിച്ചു. ഒരുപാട് ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ സഹായം ചെയ്‌തുവെന്നാണ് സംഭാവന നല്‍കിയ ഓരോരുത്തര്‍ക്കും നന്ദി അറിയിച്ച് പ്രിയങ്ക കുറിച്ചത്.
ഹ്യൂ ജാക്ക്‌മാന്‍, റിച്ചാർഡ് മാഡൻ, റീസ് വിതർസ്പൂൺ എന്നിവരുൾപ്പെടെ നിരവധി ഹോളിവുഡ് താരങ്ങളും പ്രിയങ്കയുടെ കൊവിഡ് ദുരിതാശ്വാസ ധനസമാഹരണത്തിനായി ഇന്ത്യയ്ക്ക് പിന്തുണ നൽകി. ബോളിവുഡില്‍ പ്രിയങ്ക അവസാനമായി ചെയ്‌ത സിനിമ സൊനാലി ബോസിന്‍റെ 'ദി സ്കൈ ഈസ് പിങ്ക്' ആണ്. ഫർഹാൻ അക്തറും സൈറ വസീമും ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോൾ ലണ്ടനിൽ ഹോളിവുഡ് പ്രൊജക്റ്റിന്‍റെ ഷൂട്ടിങുമായി തിരക്കിലാണ് പ്രിയങ്ക ചോപ്ര.
Also read: നായികയില്‍ നിന്നും പ്രതിനായികയിലേക്ക്, ദി ഫാമിലിമാന്‍ സീസണ്‍ 2വില്‍ കസറി സാമന്ത