കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി യാമി ഗൗതമിനെ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അടുത്ത ബുധനാഴ്‌ച കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിയുടെ ഓഫിസിൽ ഹാജരാകണമെന്നാണ് ജൂലൈ രണ്ടിന് അയച്ച സമൻസിൽ ആവശ്യപ്പെടുന്നത്. ഫോറിൻ എക്സ്‌ചേഞ്ച് മാനേജ്മെന്‍റ് ആക്‌ട് (ഫെമ) ലംഘിച്ചുവെന്നതാണ് താരത്തിനെതിരെയുള്ള ആരോപണം.
ഇത് രണ്ടാം തവണയാണ് നടിയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. യാമിയുടെ ബാങ്ക് അക്കൗണ്ടിൽ ഒന്നര കോടി രൂപയുടെ ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
More Read: യാമി ഗൗതം-ആദിത്യ ധര്‍ വെഡ്ഡിങ് സീരീസ്
അതേ സമയം, കഴിഞ്ഞ ജൂണിലാണ് യാമി ഗൗതവും സംവിധായകൻ അദിത്യ ധറും വിവാഹിതരായത്. 'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്' എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. വിവാഹവസ്‌ത്രത്തിലോ ആഭരണങ്ങളിലോ പോലും യാതൊരു ആഢംബരവുമില്ലാതെയുള്ള വിവാഹം ഒരുപാട് പ്രശംസ പിടിച്ചുപറ്റി.
യാമി ഗൗതം ഐപിഎസ് ഓഫിസറായി വേഷമിടുന്ന ദസ്‌വിയാണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. കൂടാതെ, അർജുൻ കപൂർ, ജാക്വലിൻ ഫെർണാണ്ടസ് എന്നിവർക്കൊപ്പം അഭിനയിച്ച ഭൂത് പൊലീസ് സെപ്‌തംബർ 10ന് റിലീസ് ചെയ്യും.