മുംബൈ : കാത്തിരിപ്പിന് വിരാമമിട്ട് സെക്കോളജിക്കല്‍ ത്രില്ലര്‍ ബ്രീത്തിന്റെ പുതിയ എപ്പിസോഡുമായി ബോളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചനും കൂട്ടരും. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സൈക്കോളജിക്കല്‍ ത്രില്ലറാണ് ബ്രീത്ത് ഇന്‍ ടു ദ ഷാഡോ.
സീരീസിന്റെ പുതിയ സീസണിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രീകരണം ഇതിനോടകം തന്നെ ഡല്‍ഹിയിലും മുംബൈയിലുമായി തുടങ്ങിക്കഴിഞ്ഞു. 2022ലാണ് പുതിയ സീസണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
മായങ്ക് ശര്‍മ സംവിധാനം നിര്‍വഹിക്കുന്ന ത്രില്ലറില്‍ അഭിഷേക് ബച്ചനും അമിത് സാദുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവീന്‍ കസ്തൂരിയയും ബ്രീത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അബണ്ടന്റിയ എന്റര്ടെയ്ന്മെന്റ് നിര്‍മാണവും ആവിഷ്കരണവും നിര്‍വഹിക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലറിന്റെ പുതിയ സീസണും ആമസോണില്‍ പ്രദര്‍ശനത്തിനെത്തും.
Also Read: ആര്യ 3ല്‍ അല്ലു അര്ജുന് പകരം വിജയ് ദേവരക്കൊണ്ടയോ ? ; 'നായകമാറ്റ'ത്തില്‍ ചര്‍ച്ച
'ബ്രീത്ത് ഇന്‍ടു ദി ഷാഡോസിന് ലഭിച്ച ജനപ്രീതിയും തികഞ്ഞ പ്രതീക്ഷയും കണക്കിലെടുക്കുമ്പോള്‍, പുതിയ സീസണ് ഉടന്‍ തന്നെ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതിവൃത്തം തീവ്രമാവുകയും പുതിയ കഥാപാത്രങ്ങള്‍ ആഖ്യാനത്തിലേയ്ക്ക് ഊര്‍ജം പകരുകയും ചെയ്യുമ്പോള്‍, ഈ സീസണില്‍ ആവേശവും പ്രതീക്ഷകളും വാനോളം ഉയരും.
ഭൂമിശാസ്ത്രപരമായ അതിരുകള്‍ മറികടക്കുന്ന തരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും ആധികാരികവും ആകര്‍ഷകവുമായ കഥകള്‍ ആവിഷ്കരിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത പുതിയ സീസണിന്റെ പ്രഖ്യാപനത്തോടെ അണിയറപ്രവര്‍ത്തകര്‍ ഊന്നിപറയുന്നു." - പ്രൈം വീഡിയോ ഇന്ത്യ, ഒറിജിനല്‍സ് മേധാവി അപര്‍ണ പുരോഹിത് പറയുന്നു.
പുതിയ സീസണ് ഒരുങ്ങുന്നതിന്റെ ആകാംക്ഷയിലാണ് താനെന്ന് അബണ്ടന്റിയ എന്റര്ടെയ്ന്മെന്റ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിക്രം മല്‍ഹോത്ര അറിയിച്ചു.