പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് ആമിര്‍ ഖാന്‍ ടൈറ്റില്‍ റോളിലെത്തുന്ന ലാല്‍ സിംഗ് ഛദ്ദ. ആമിര്‍ ഖാന്‍-കരീന കപൂർ ജോഡിയിൽ തയ്യാറാക്കുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം മെയ്-ജൂണ്‍ മാസത്തില്‍ കാര്‍ഗിലില്‍ നടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗബ്ബിന്‍റെ ഇന്ത്യന്‍ അഡാപ്റ്റേഷനാണ് ലാല്‍ സിംഗ് ഛദ്ദ. അദ്വൈത് ചന്ദന്‍റെ സംവിധാനത്തിൽ ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിലെ ആമിറിന്‍റെ പ്രകടനത്തിനാണ് എല്ലാവരും കാത്തിരിക്കുന്നത്. മക്കള്‍ സെൽവൻ വിജയ് സേതുപതിയും സിനിമയില്‍ ഒരു മുഖ്യവേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കാര്‍ഗിലിലെ മഞ്ഞ് കാലത്തില്‍ മാറ്റം വരുന്നതിന് വേണ്ടിയാണ് ചിത്രീകരണത്തിനായി അണിയറപ്രവര്‍ത്തകര്‍ മെയ്-ജൂണ്‍ മാസം വരെ കാത്തിരിക്കുന്നത്.
യുദ്ധ രംഗങ്ങളാണ് കാര്‍ഗിലില്‍ ചിത്രീകരിക്കുക. യുദ്ധരംഗങ്ങള്‍ക്ക് വലിയൊരു പ്രാധ്യാന്യം സിനിമയിലുള്ളതിനാല്‍ അതിന്‍റെ ചിത്രീകരണം ഏറ്റവും മനോഹരമായി പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത്. ടോം ഹാങ്ക്സ്, റോബിൻ റൈറ്റ്, ഗ്യാരി സിനിസെ, മൈക്കെൽറ്റി വില്ല്യംസൺ തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരനിര ഗംഭീരമാക്കിയ സിനിമയാണ് ഫോറസ്റ്റ് ഗമ്പ്. ലാല്‍ സിംഗ് ഛദ്ദയ്‌ക്ക് തിരക്കഥ രചിക്കുന്നത് അതുല്‍ കുല്‍ക്കര്‍ണിയാണ്. വയക്കോം18 മോഷൻ പിക്‌ച്ചേഴ്‌സും ആമിർ ഖാൻ പ്രൊഡക്ഷൻസും ചേർന്നാണ് ലാല്‍ സിംഗ് ഛദ്ദ നിർമിക്കുന്നത്. സിനിമ ഈ ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.